സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ സെമിഫൈനലിന്റെ വിശേഷങ്ങളാണ് ഇന്ന് സ്‌റ്റമ്പ്‌ഡില്‍..

സൂപ്പര്‍ 8-ലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ ശ്രീലങ്കയും ന്യൂസിലാന്റും തമ്മിലായിരുന്നു ഒമ്പതാം ലോകകപ്പിന്റെ ആദ്യ സെമിഫൈനല്‍. ടോസ് നേടിയ ലങ്കന്‍ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെ ബാറ്റിങ്ങ് തിരഞ്ഞെടുത്തു, മികച്ച ഇന്നിങ്ങ്സുമായി ടീമിന്റെ വിജയത്തില്‍ മുഖ്യപങ്കും വഹിച്ചു.

സ്‌കോര്‍

ശ്രീലങ്ക 50 ഓവറില്‍ 289/5.
ന്യൂസിലാന്റ് 41.4 ഓവറില്‍ 208.

മത്സരത്തിന്റെ തുടക്കം കീവീസിന് അനുകൂലമായായിരുന്നു. മൂന്നാം ഓവറില്‍ അപകടകാരിയായ ജയസൂര്യയെ മടക്കി ജെയിംസ് ഫ്രാങ്ക്‍ലിന്‍ ശ്രീലങ്കയെ ഞെട്ടിച്ചു. ജയിച്ചാല്‍ മാത്രം അടുത്ത കളി എന്ന അവസ്ഥയില്‍ തന്റെ മേലുള്ള, ആരാധകരുടെയും ടീമിന്റെയും വിശ്വാസം, ജയസൂര്യയെ സമര്‍ദ്ദത്തിലാക്കിയെന്ന് വേണം കരുതാന്‍. കാരണം ജയസൂര്യയെ പുറത്താക്കാന്‍ പോന്ന ബോളൊന്നുമായിരുന്നില്ല ഫ്രാങ്ക്‍ലിന്റേത്. മറ്റൊരവസരത്തില്‍ ചിലപ്പോള്‍ ആ പന്ത് ബൌണ്ടറി കടന്നേനെ. തുടര്‍ന്നെത്തിയത് വിക്കറ്റ്കീപ്പര്‍-ബാറ്റ്‌സ്‌മാന്‍ കുമാര്‍ സങ്കക്കാരയായിരുന്നു.

ഓപ്പണര്‍ ഉപുല്‍ തരംഗ മികച്ച ബാറ്റിങ്ങ് കാഴ്‌ച വെച്ചപ്പോള്‍ വേണ്ട പിന്തുണ നല്‍കുകയായിരുന്നു സങ്കക്കാരയുടെ ജോലി. കീവീസ് ബോളിങ്ങിന്റെ കുന്തമുന എന്ന് വിശേഷിപ്പിക്കാവുന്ന ഷെയ്ന്‍ ബോണ്ട് നിറം മങ്ങിയത് തരംഗയ്‌ക്ക് റണ്‍സ് നേടുക എന്ന ജോലി എളുപ്പമാക്കി.

തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ലങ്ക മടങ്ങിവരികയായി എന്ന് തോന്നിയപ്പോഴാണ് രണ്ടാം വിക്കറ്റ് സങ്കക്കാരയുടെ രൂപത്തില്‍ വീണത്. ഇത്തവണയും ലങ്കയുടെ വില്ലനായത് ഫ്രാങ്ക്‍ലിന്‍ തന്നെ, 13.2 ഓവറില്‍ 67/2. അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് തന്റെ വിക്കറ്റ് തുലച്ചതില്‍ സങ്കക്കാരയ്‌ക്ക് വിഷമം തോന്നിയിരിക്കാം. നാലാമനായി ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെ ക്രീസിലെത്തി. തുടക്കത്തില്‍ അല്‍‌പം മെല്ലെ തുടങ്ങിയ ജയവര്‍ധനെ പതിയെ താളം കണ്ടെത്തി. മറുവശത്ത് ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് തരംഗ ക്യാപ്‌റ്റന്റെ മേലുള്ള സമര്‍ദ്ദം കുറച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി അനവസരത്തില്‍ ലങ്കയ്‌ക്ക് വിക്കറ്റ് നഷ്‌ടപ്പെട്ടു. ഇത്തവണ തരംഗയുടെ രൂപത്തില്‍ - വെട്ടോരിയുടെ പന്തില്‍ ബോള്‍‌ഡ്. തരംഗ 74 പന്തില്‍ 73 റണ്‍സ് നേടി.

പിന്നീടാണ് മത്സരത്തിലെ ഏറ്റവും “പ്രധാനമായ” രണ്ട് തീരുമാനങ്ങള്‍ കണ്ടത്. മുപ്പത്തിഅഞ്ചാം ഓവറില്‍ ചമര സില്‍‌വയും നാല്‍‌പത്തിയാറാം ഓവറില്‍ തിലകരത്നെ ദില്‍‌ഷനും പുറത്തായ തീരുമാനങ്ങളായിരുന്നു അവ. രണ്ട് പേരും അമ്പയര്‍മാരാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കപ്പെട്ടു! ഏകദിനക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നനായ റൂഡി കോട്‌സനും ഇപ്പോഴുള്ളവരിലെ മിടുക്കനായ അമ്പയര്‍ എന്ന് വിളിക്കാവുന്ന സൈമണ്‍ ടോഫലും നല്‍കിയ രണ്ട് തീരുമാനങ്ങള്‍ ഈ ലോകകപ്പിലെ തന്നെ വിഡ്‌ഢിത്തരമായി നമുക്ക് കാണാം. പന്ത് ബാറ്റില്‍ കൊണ്ടോ ഇല്ലയൊ എന്നൊക്കെ മനസിലാക്കാന്‍ ഇയര്‍ഫോണൊക്കെ നല്‍കിയാണ് ഐ.സി.സി ഇത്തവണ ലോകകപ്പ് നടത്തുന്നത്. എന്നാല്‍ ഇന്നലെ ആ ഇയര്‍ഫോണ്‍ ചെവിയില്‍ വെയ്‌ക്കാന്‍ റൂഡി കോര്‍ട്സന്‍ മറന്നെന്ന് തോന്നി. ചമരസില്‍‌വയുടെ ബാറ്റില്‍ കൊണ്ട ശേഷമാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് കളി ഗാലറിയിലിരുന്ന് കണ്ടവര്‍ക്ക് കൂടി മനസിലാവുമായിരുന്നു. അതുപോലെ ലെഗ്‌സ്‌റ്റമ്പിന് പുറത്തേയ്‌ക്ക് പോകുകയാണ് എന്ന് ഏത് കൊച്ചുകുഞ്ഞിനു പോലും മനസിലാവുന്ന ഒരു പന്തിലാണ് ദില്‍‌ഷന്‍ പുറത്തായത്.

എന്നാല്‍ ഈ രണ്ട് തീരുമാനങ്ങളും ലങ്കയെ ബാധിച്ചു എന്ന് പറയാനാവില്ല. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ക്കാന്‍ കഴിവുള്ള ഒരു ബാറ്റ്‌സ്‌മാനെ ആയിരുന്നു ലങ്കയ്‌ക്ക് ആവശ്യം. ആ ജോലി ജയവര്‍ധനെ മനോഹരമായി നിര്‍വഹിച്ചു. ഒരു തീവണ്ടിയുടെ രീതിയിലായിരുന്നു ജയവര്‍ധനെയുടെ ഇന്നിങ്ങ്സ് എന്ന് പറയാം. 25 തികയ്‌ക്കാന്‍ 45 പന്തുകള്‍, 50 തികയ്‌ക്കാന്‍ 78 പന്തുകള്‍, അടുത്ത 53 റണ്‍സിന് വേണ്ടി വന്നത് 26 പന്തുകള്‍ മാത്രം. ഒടുവില്‍ ഇന്നിങ്ങ്സ് അവസാനിക്കുമ്പോള്‍ 109 പന്തില്‍ 115 റണ്‍സുമായി ജയവര്‍ധനെ ക്രീസിലുണ്ടായിരുന്നു.

സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ 240-250 തന്നെ വിജയിക്കാവുന്ന സ്‌കോര്‍ ആയിരുന്നു ലങ്കയ്‌ക്ക്. മുരളീധരനെ പോലെ ഒരു ലോകോത്തര ബോളര്‍ ഉള്ളപ്പോള്‍ 289 റണ്‍സിന് 350-ന്റെ മതിപ്പുണ്ടായിരുന്നു.

ജയിക്കണമെങ്കില്‍ കീവീസിന് ഫ്ലെമിങ്ങിന്റെ മികച്ചൊരിന്നിങ്ങ്സ് അനിവാര്യമായിരുന്നു.എന്നാല്‍ അതുണ്ടായില്ല. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ലസിത് മലിംഗ ഫ്ലെമിങ്ങിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. തീപാറുന്ന പന്തുകളുമായി മലിംഗ കീവീസ് ബാറ്റ്‌സ്‌മാന്മാരെ വെള്ളം കുടിപ്പിച്ചു. മറുവശത്ത് ചാമിന്ദ വാസും കൂടി ചേര്‍ന്നതോടെ കീവീസ് തോല്‍‌വി മണത്തു തുടങ്ങി. പത്ത് ഓവര്‍ തള്ളിനീക്കിയ ഫള്‍ടനും ടെയ്‌ലറും സ്‌കോര്‍ 30 കടത്തി.

പതിനൊന്നാം ഓവറില്‍ ടെയ്‌ലര്‍ വാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് സ്‌കോട്ട് സ്‌റ്റൈറിസ് ക്രീസിലെത്തി. വലതു കൈയ്യില്‍ ചെറിയ പരിക്കുമായാണ് സ്‌റ്റൈറിസ് ബാറ്റിങ്ങിനെത്തിയത്. എന്നാല്‍ തന്റെ സ്ഥിരം ശൈലിയില കളിച്ച സ്‌റ്റൈറിസ് പരിക്കിന്റെ ലക്ഷണമൊന്നും കാണിച്ചില്ല. സ്‌റ്റൈറിസിന്റെ ഇന്നിങ്ങ്സ് കീവീസിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുപത്തിരണ്ടാം ഓവറില്‍ ദില്‍‌ഷനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ സ്റ്റൈറിസിനെ കീവീസിന് നഷ്‌ടമായി. കളിയുടെ വഴിത്തിരിവായിരുന്നു ആ വിക്കറ്റ്. അതിന് ശേഷം കീവി മധ്യനിരയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു. 26 ഓവര്‍ കഴിഞ്ഞപ്പോളേയ്‌ക്കും ന്യൂസിലാന്റ് 116 റണ്‍സിന് 7 വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയിരുന്നു. ജേക്കബ് ഓറം, ബ്രണ്ടന്‍ മക്കല്ലം, ഡാനിയല്‍ വെട്ടോരി എന്നിവരെ പുറത്താക്കിയ മുരളീധരനാണ് കീവീസിനെ തകര്‍ത്തത്. ജയസൂര്യ ഫള്‍ട്ടനെയും മക്‍മില്ലനെയും മടക്കി.

മുപ്പത്തിരണ്ടാം ഓവറില്‍ ഒമ്പതാം വിക്കറ്റായി ഷെയ്ന്‍ ബോണ്ട് മടങ്ങുമ്പോള്‍ കീവി സ്‌കോര്‍ 149. അവസാന വിക്കറ്റിന് ഫ്രാങ്ക്‍ലിനും ജിതേന്‍ പട്ടേലും ചേര്‍ന്ന് നേടിയ 59 റണ്‍സ് തോല്‍‌വി വൈകിപ്പിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളു.

8 ഓവറില്‍ 31 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത മുരളീധരന്‍ തന്നെയായിരുന്നു ലങ്കന്‍ ബോളര്‍മാരില്‍ ഏറെ തിളങ്ങിയത്. എന്നാല്‍ ടീമിന്റെ ആവശ്യം മനസിലാക്കി ഉജ്ജ്വലമായി ബാറ്റ് ചെയ്‌ത് സെഞ്ചുറി നേടിയ നായകന്‍ മഹേല ജയവര്‍ധനെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കി. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഓസീസ് - ദ.ആഫ്രിക്ക വിജയികളെ ശ്രീലങ്ക 28-ന് ഫൈനലില്‍ നേരിടും.

1 comments:

Balu..,..ബാലു said...

സൂപ്പര്‍ 8-ലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ ശ്രീലങ്കയും ന്യൂസിലാന്റും തമ്മിലായിരുന്നു ഒമ്പതാം ലോകകപ്പിന്റെ ആദ്യ സെമിഫൈനല്‍. ടോസ് നേടിയ ലങ്കന്‍ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെ ബാറ്റിങ്ങ് തിരഞ്ഞെടുത്തു, മികച്ച ഇന്നിങ്ങ്സുമായി ടീമിന്റെ വിജയത്തില്‍ മുഖ്യപങ്കും വഹിച്ചു.