സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

8:48 PM

ഫൈനല്‍

Posted by Balagopal R |

വീണ്ടുമൊരിക്കല്‍ കൂടി ഓസ്‌ട്രേലിയന്‍ വിജയഗാഥ പാടി ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചു. തുടര്‍ച്ചയായി നാല് ഫൈനലുകളും മൂന്ന് കിരീടങ്ങളുമായി തങ്ങള്‍ തന്നെ ഇപ്പോഴും മുമ്പില്‍ എന്ന് തെളിയിച്ച ഓസീസ് ശ്രീലങ്കയെ അനായാസം തോല്‍‌പിച്ചു. മഴ മൂലം 38 ഓവറായി മത്സരം ചുരുക്കിയിരുന്നു.

സ്‌കോര്‍

ഓസ്‌ട്രേലിയ 38 ഓവറില്‍ 281/4

ശ്രീലങ്ക 36 ഓവറില്‍ 215/8

കലാശപോരാട്ടത്തിന് ആവേശം ഒട്ടും കുറയാതിരിക്കാന്‍ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റ് ആണ് ക്യുറേറ്റര്‍മാര്‍ ഒരുക്കിയത്. നിര്‍ണായകമായ ടോസ് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമാ‍യിരുന്നു. ബാറ്റിങ്ങ് ചെയ്യാന്‍ പോണ്ടിങ്ങിന് അധികം ആലോചിക്കേണ്ടി വന്നില്ല. ക്യാപ്‌റ്റന്റെ തീരുമാനം ശരിവെയ്‌ക്കുന്ന രീതിയില്‍ ഓസീസ് ഓപ്പണര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ തന്നെ ശ്രീലങ്കയുടെ വിധി എഴുതപ്പെട്ടിരുന്നു.

ലോകകപ്പില്‍ ഇതുവരെ ബാറ്റ് കൊണ്ട് എടുത്തുപറയത്തക്ക നേട്ടമൊന്നും പറയാനില്ലായിരുന്ന ആഡം ഗില്‍ക്രിസ്‌റ്റ് തന്റെ “വിശ്വരൂപം“ കാണിച്ച ദിവസമായിരുന്നു ഇന്നലെ. ബോളര്‍മാരോട് മുരളി എന്നോ ഫെര്‍ണാണ്ടൊ എന്നോ വ്യത്യാസം ഒന്നും കാട്ടാതെ നല്ല ഒന്നാന്തരം അടി തന്നെ കൊടുത്തു.

104 പന്തില്‍ നിന്നും 149 റണ്‍സ് നേടിയ ഗില്‍ക്രിസ്‌റ്റ് കളം നിറഞ്ഞപ്പോള്‍ മറുവശത്ത് മാത്യു ഹെയ്‌ഡന്‍ കാഴ്‌ചക്കാരനായി. എന്നാല്‍ തന്റെ പതിവ് ശൈലി ഉപേക്ഷിച്ച് ഗില്‍ക്രിസ്‌റ്റിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയ ഹെയ്‌ഡന്റെ ഇന്നിങ്ങ്സ് ഓസീസിന് ഗുണം ചെയ്‌തു. മഴ മൂലം വൈകിയാണ് മത്സരം തുടങ്ങിയത്. അന്തരീക്ഷം മൂടികെട്ടിയ അവസ്ഥയിലുമായിരുന്നു. അതുകൊണ്ട് കരുതലോടെയാണ് ഓസീസ് തുടങ്ങിയത്. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നത് വരെ ക്ഷമിച്ച ഓപ്പണര്‍മാര്‍ പിന്നീടങ്ങോട്ട് ബോളര്‍മാരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

അര്‍ധസെഞ്ചുറി നേടാന്‍ 43 പന്തുകള്‍ നേരിട്ട ഗില്‍ക്രിസ്‌റ്റ് പക്ഷെ സെഞ്ചുറിയിലേയ്‌ക്ക് എടുത്തത് 72 പന്തുകള്‍. ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന ബഹുമതിയും ഈ ഇന്നിങ്ങ്സിനുണ്ട്. ഗില്‍ക്രിസ്‌റ്റ് സെഞ്ചുറി നേടുമ്പോള്‍ ഓസീസ് സ്‌കോര്‍ വെറും 144 മാത്രമായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ആ ബാറ്റിന്റെ കരുത്ത് മനസിലാവും.

ആദ്യ വിക്കറ്റ് വീണത് ഇരുപത്തിമൂന്നാം ഓവറിലാണ്, സ്‌കോര്‍ 172. പുറത്തായത് 38 റണ്‍സെടുത്ത ഹെയ്‌ഡന്‍. മലിംഗയ്‌ക്കായിരുന്നു വിക്കറ്റ്.

തുടര്‍ന്ന് പോണ്ടിങ്ങുമൊത്തായി ഗില്‍ക്രിസ്‌റ്റിന്റെ ആക്രമണം. എന്നാല്‍ മുപ്പത്തിയൊന്നാം ഓവറില്‍ ഫെര്‍ണാണ്ടൊയുടെ പന്തില്‍ ഗില്‍ക്രിസ്‌റ്റിന്റെ ഇന്നിങ്ങ്സ് അവസാനിച്ചു, പക്ഷെ അപ്പോഴേയ്‌ക്കും വൈകിപ്പോയിരുന്നെന്ന് മാത്രം.

പിന്നീട് വന്ന ബാറ്റ്‌സ്‌മാന്മാരെല്ലാം തങ്ങളാല്‍ കഴിയും വിധം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ 38 ഓവറില്‍ 281 എന്ന മികച്ച സ്‌കോര്‍ ഓസീസ് സ്വന്തമാക്കി.

ഇതിന് മുമ്പ് നടന്ന രണ്ട് ലോകകപ്പ് ഫൈനലുകളില്‍ പാകിസ്ഥാനും ഇന്ത്യയും ഒന്നു പൊരുതാന്‍ പോലുമാവാതെ കീഴടങ്ങിയ ഓസീസിന് മുമ്പില്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് ലങ്ക ബാറ്റിങ്ങിന് ഇറങ്ങിയത്. ഒരു പരിധി വരെ ഓസീസിന് ഒരല്‍‌പം വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്കായി എന്ന് വേണമെങ്കില്‍ പറയാം.

മൂന്നാം ഓവറില്‍ തന്നെ തരംഗയെ നഷ്‌ടമായെങ്കിലും ജയസൂര്യയും സങ്കക്കാരയും ചേര്‍ന്ന് ലങ്കയെ മത്സരത്തിലേയ്‌ക്ക് തിരിച്ച് കൊണ്ടുവന്നതാണ്. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 90 പന്തില്‍ നിന്ന് 100 റണ്‍സ് നേടി ഓസീസിന് ഭീഷണിയായി തുടങ്ങിയപ്പോള്‍ പോണ്ടിങ്ങ് ബ്രാഡ് ഹോഗിനെ കൊണ്ടുവന്നു. ജയസൂര്യയെ ഒരു വശത്ത് ഹോഗ് തളച്ചപ്പോള്‍ മറുവശത്ത് സങ്കക്കാരയുടെ മേലായി സമര്‍ദ്ദം. ഇരുപതാം ഓവറില്‍ സൈമണ്ട്‌സിന്റെ പന്തില്‍ പോണ്ടീങ്ങ് പിടിച്ച് സങ്കക്കാര പുറത്തായി. 52 പന്തില്‍ നിന്നും 54 റണ്‍സായിരുന്നു ലങ്കന്‍ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.

സങ്കക്കാര പുറത്തായെങ്കിലും വിജയപാതയില്‍ തന്നെയായിരുന്നു ലങ്ക. ജയവര്‍ധനെയും ജയസൂര്യയും കൂടി അവരെ ലക്ഷ്യത്തിലെത്തിക്കും എന്ന് തോന്നിച്ചു. മൈക്കിള്‍ ക്ലാര്‍ക്കിലൂടെ ഓസീസ് ജയസൂര്യയുടെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കി. ജയസൂര്യ 67 പന്തില്‍ 63 റണ്‍സ് നേടി.

അപ്പോഴാണ് വില്ലനായി മഴയുടെ വരവ്. കുറച്ച് നേരത്തെ ഇടവേള. കളി വീണ്ടും തുടങ്ങിയപ്പോള്‍ ഓവറുകളുടെ എണ്ണം മുപ്പത്തിയെട്ടില്‍ നിന്നും മുപ്പത്തിയാറായി കുറച്ചു, ലക്ഷ്യം 282-ല്‍ നിന്നും 269 ആയി. സ്ഥിതി ഓസീസിന് അനുകൂലമായത് ആ മഴയോടെയാണ്. 62 പന്തില്‍ 113 റണ്‍സ് എന്ന നിലയില്‍ കളിയെത്തിയപ്പോള്‍ പിന്നെ ലങ്കന്‍ ബാറ്റ്സ്‌മാന്മാര്‍ക്ക് ചുമ്മാ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ജയവര്‍ധനെ വാട്സന്റെ പന്തില്‍ LBW ആയി.

തുടര്‍ന്ന് വന്നവരെല്ലാം റണ്‍സ് കണ്ടെത്താനുള്ള വ്യഗ്രതയില്‍ വിക്കറ്റ് നഷ്‌ടപ്പെടുത്തി. 33 ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും കളി തടസ്സപ്പെട്ടു, ഇത്തവണ വെളിച്ചക്കുറവായിരുന്നു കാരണം. കളി തുടരാനാവില്ല എന്ന അവസ്ഥയില്‍ ഓസീസ് താരങ്ങള്‍ വിജയാഘോഷം തുടങ്ങി. അപ്പോഴതാ എത്തുന്നു അലീം ദാറും സ്‌റ്റീവ് ബക്‍നറും, മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍. കളി തീര്‍ന്നില്ല എന്നും മൂന്ന് ഓവര്‍ ബാക്കിയുണ്ടെന്നും അത് ഇന്നല്ലെങ്കില്‍ റിസര്‍വ് ദിനത്തില്‍ എറിയേണ്ടിവരും എന്നും പറഞ്ഞു. ഡക്ക്‌വര്‍ത്ത് - ലൂയിസ് നിയമപ്രകാരം രണ്ട് ടീമുകളും 20 ഓവറെങ്കിലും ബാറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ മത്സരം റിസര്‍വ് ദി‌‌നത്തിലേയ്‌ക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന നിയമം അമ്പയര്‍മാര്‍ക്ക് അറിയില്ലായിരുന്നു എന്ന് തോന്നുന്നു.

ഒടുവില്‍ തികഞ്ഞ സ്‌പോര്‍ട്സ്‌മാന്‍‌സ്‌പിരിറ്റോട് കൂടി ജയവര്‍ധനെ കളി തുടരാന്‍ സമ്മതിക്കുകയായിരുന്നു. തീരുമാനം സ്വാഗതം ചെയ്‌ത പോണ്ടിങ്ങ് സ്‌പിന്നര്‍മാരെ കൊണ്ട് പന്തെറിയിച്ച് തന്റെ ടീമിന്റെ നന്ദി പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ കപ്പ് ഓസീസിന് സ്വന്തമായപ്പോള്‍ വിജയം ഇരുടീമുകളും പങ്കിട്ടു, ക്രിക്കറ്റ് എന്ന മാന്യന്മാരുടെ കളിയുടെ വിജയം..

മികച്ച ഇന്നിങ്ങ്സ് ഗില്‍ക്രിസ്‌റ്റിന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി കൊടുത്തപ്പോള്‍ ടൂര്‍ണമെന്റില്‍ ഉടനീളം പന്ത് കൊണ്ട് മികച്ച പ്രകടനം കാഴ്‌ചവെച്ച ഗ്ലെന്‍ മക്ഗ്രാത്ത് മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കി.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ ദ.ആഫ്രിക്കയെ 7 വിക്കറ്റിന് തകര്‍ത്താണ് ഓസീസ് ഫൈനല്‍ ബെര്‍ത് സ്വന്തമാക്കിയത്.

സ്‌കോര്‍

ദ.ആഫ്രിക്ക 43.5 ഓവറില്‍ 149.
ഓസ്‌ട്രേലിയ 31.3 ഓവറില്‍ 153/3.

ടോസ് നേടിയത് ദ.ആഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഗ്രെയിം സ്‌മിത്ത് ആ‍യിരുന്നു. ബോളര്‍മാരെ തുണയ്‌ക്കാന്‍ കാര്യമായി ഒന്നുമില്ലായിരുന്ന പിച്ചില്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കാന്‍ സ്‌മിത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. എതിരാളികള്‍ ഓസീസ് ആയത് കൊണ്ട് ഒരു കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു സ്‌മിത്തിന്റെയും കൂട്ടരുടേയും ലക്ഷ്യം.

എന്നാല്‍ കളിയുടെ ആദ്യ പത്തോവറില്‍ തന്നെ ദ.ആഫ്രിക്ക കളി തോറ്റു എന്ന് പറയാം. പത്ത് ഓവര്‍ തീരുമ്പോള്‍ അവര്‍ 27/5 എന്ന ദയനീയ നിലയിലായിരുന്നു. അനാവശ്യമായ ആവേശമായിരുന്നു ദ.ആഫ്രിക്കയുടെ കുഴി കുത്തിയത്. ക്യാപ്‌റ്റന്‍ സ്‌മിത്തും ഓള്‍ റൌണ്ടര്‍ ജാക്ക് കാല്ലിസുമടക്കം ദ.ആഫ്രിക്കയുടെ മുന്‍‌നിരയും മധ്യനിരയും(ഗിബ്‌സ് ഒഴിച്ച്) വിക്കറ്റ് തുലയ്‌ക്കുകയായിരുന്നു. നേരിട്ട അഞ്ചാം പന്തില്‍ തന്നെ ക്രീസില്‍ നിന്നും ചാടിയിറങ്ങി വന്ന്, ബോളിന്റെ അടുത്ത് പോലും എത്താതെ, ബോള്‍ഡ് ആയ സ്‌മിത്ത് ബാക്കിയുള്ളവര്‍ക്ക് ഒരു പാഠമായിരുന്നു. എന്നാല്‍ “എല്ലാ ബോളും അടിച്ച് തകര്‍ക്കും” എന്ന രീതിയില്‍ മറ്റ് ബാറ്റ്‌സ്‌മാന്മാര്‍ കൂടി പെരുമാറിയപ്പോള്‍ ഒരു ഘട്ടത്തില്‍ ദ.ആഫ്രിക്ക 100 കടക്കുമോ എന്ന് സംശയം തോന്നിപ്പിച്ചു.

എന്നാല്‍ ആറാം വിക്കറ്റില്‍ ഗിബ്‌സും കെം‌പും ഒത്തുചേര്‍ന്നത് കുറച്ച് നേരത്തേയ്‌ക്ക് വിക്കറ്റ് വീഴ്‌ച തടഞ്ഞു. പതിനൊന്നാം ഓവറില്‍ ഷോണ്‍ ടെയ്‌റ്റിന്റെ പന്തില്‍ ഗിബ്‌സിനെ ഗില്‍ക്രിസ്‌റ്റ് പിടിച്ചെങ്കിലും അമ്പയര്‍ സ്‌റ്റീവ് ബക്‍നര്‍ ദ.ആഫ്രിക്കയ്‌ക്ക് അനുകൂലമായ തീരുമാനമെടുത്തു. അതും കൂടെയില്ലായിരുന്നെങ്കില്‍...

ഗിബ്‌സ് 49 പന്തില്‍ 39 റണ്‍സ് നേടി. മറുവശത്ത് കെം‌പ് താളം കണ്ടെത്തി തുടങ്ങി. അപകടം മണത്ത പോണ്ടിങ്ങ് ടെയ്‌റ്റിനെ മടക്കി കൊണ്ടുവന്നു. ഗിബ്‌സിനെ ഗില്‍ക്രിസ്‌റ്റിന്റെ കൈയ്യിലെത്തിച്ച് ടെയ്‌റ്റ് ക്യാപ്‌റ്റന്റെ പ്രതീക്ഷ കാത്തു. വാലറ്റക്കാരോടൊത്ത് ഇരുപതോളം ഓവറുകള്‍ തള്ളിനീക്കിയ കെം‌പിന് നിര്‍ഭാഗ്യം കൊണ്ട് അരസെഞ്ചുറി നഷ്‌ടപ്പെട്ടു. ഇന്നിങ്ങ്സ് അവസാനിക്കുമ്പോള്‍ കെം‌പ് ഒരു വശത്ത് 49 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓസീസ് ബോളര്‍മാരില്‍ 39 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി ഷോണ്‍ ടെയ്‌റ്റും 18 റണ്‍സ് വഴങ്ങി മൂന്ന് പ്രധാനവിക്കറ്റുകള്‍(കാല്ലിസ്, പ്രിന്‍‌സ്, ബൌച്ചര്‍) വീഴ്ത്തിയ ഗ്ലെന്‍ മക്ഗ്രാത്തും മികച്ചു നിന്നു. ബ്രാക്കനും ഹോഗും ഇവര്‍ക്ക് നല്ല പിന്തുണയും നല്‍കി.

50 ഓവറില്‍ ജയിക്കാന്‍ വെറും 150 റണ്‍സ് മാത്രം മതിയായിരുന്ന ഓസീസ് ലക്ഷ്യത്തിലെത്താന്‍ എത്ര ഓവര്‍ എടുക്കും എന്ന് മാത്രമേ നോക്കാനുള്ളായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍‍ ചാള്‍സ് ലാങ്ങ്‌വെല്‍റ്റിന്റെ മനോഹരമായ പന്ത് ഗില്‍ക്രിസ്‌റ്റിനെ മടക്കി. ദ.ആഫ്രിക്ക മത്സരത്തില്‍ പ്രതീക്ഷയോടെ നിന്നത് ആ ഒരു വിക്കറ്റ് വീണപ്പോള്‍ മാത്രമാണ്.

ഒമ്പതാം ഓവറില്‍ പോണ്ടിങ്ങിനെ മടക്കി ആന്ദ്രെ നെല്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തിയെങ്കിലും മൈക്കിള്‍ ക്ലാര്‍ക്ക് അത് തല്ലിക്കെടുത്തി. ഓസ്‌ട്രേലിയയ്‌ക്ക് ധൃതിയില്ലായിരുന്നു. ഓവറില്‍ മൂന്ന് റണ്‍സ് വെച്ച് നേടുക എന്നതായിരുന്നു അവരുടെ മുന്നിലുള്ള ലക്ഷ്യം.

ഹെയ്‌ഡനും ക്ലാര്‍ക്കും വിക്കറ്റ് കളയാതെ മെല്ലെ റണ്‍സ് നേടി മുന്നോട്ട് നീങ്ങി. ഓവറില്‍ നാല് റണ്‍സ് വെച്ച് നേടിയ അവരുടെ കൂട്ടുകെട്ട് തകര്‍ന്നത് ഇരുപത്തിയഞ്ചാം ഓവറിലായിരുന്നു. 60 പന്തില്‍ 41 റണ്‍സെടുത്ത ഹെയ്‌ഡന്‍ പൊള്ളോക്കിന് വിക്കറ്റ് നല്‍കി മടങ്ങി.

പിന്നീടെത്തിയ ആന്‍ഡ്രൂ സൈമണ്ട്സിന് കളി വേഗം തീര്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, 31 ഓവറില്‍ ഓസീസ് ലക്ഷ്യത്തിലെത്തി. 86 പന്തില്‍ 60 റണ്‍സുമായി ക്ലാര്‍ക്കും 16 പന്തില്‍ 18 റണ്‍സുമായി സൈമണ്ട്സും പുറത്താകാതെ നിന്നു.

മികവുറ്റ ബോളിങ്ങ് കാഴ്‌ച വെച്ച മക്ഗ്രാത്താണ് മാന്‍ ഓഫ് ദി മാച്ച്.

ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ സെമിഫൈനലിന്റെ വിശേഷങ്ങളാണ് ഇന്ന് സ്‌റ്റമ്പ്‌ഡില്‍..

സൂപ്പര്‍ 8-ലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ ശ്രീലങ്കയും ന്യൂസിലാന്റും തമ്മിലായിരുന്നു ഒമ്പതാം ലോകകപ്പിന്റെ ആദ്യ സെമിഫൈനല്‍. ടോസ് നേടിയ ലങ്കന്‍ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെ ബാറ്റിങ്ങ് തിരഞ്ഞെടുത്തു, മികച്ച ഇന്നിങ്ങ്സുമായി ടീമിന്റെ വിജയത്തില്‍ മുഖ്യപങ്കും വഹിച്ചു.

സ്‌കോര്‍

ശ്രീലങ്ക 50 ഓവറില്‍ 289/5.
ന്യൂസിലാന്റ് 41.4 ഓവറില്‍ 208.

മത്സരത്തിന്റെ തുടക്കം കീവീസിന് അനുകൂലമായായിരുന്നു. മൂന്നാം ഓവറില്‍ അപകടകാരിയായ ജയസൂര്യയെ മടക്കി ജെയിംസ് ഫ്രാങ്ക്‍ലിന്‍ ശ്രീലങ്കയെ ഞെട്ടിച്ചു. ജയിച്ചാല്‍ മാത്രം അടുത്ത കളി എന്ന അവസ്ഥയില്‍ തന്റെ മേലുള്ള, ആരാധകരുടെയും ടീമിന്റെയും വിശ്വാസം, ജയസൂര്യയെ സമര്‍ദ്ദത്തിലാക്കിയെന്ന് വേണം കരുതാന്‍. കാരണം ജയസൂര്യയെ പുറത്താക്കാന്‍ പോന്ന ബോളൊന്നുമായിരുന്നില്ല ഫ്രാങ്ക്‍ലിന്റേത്. മറ്റൊരവസരത്തില്‍ ചിലപ്പോള്‍ ആ പന്ത് ബൌണ്ടറി കടന്നേനെ. തുടര്‍ന്നെത്തിയത് വിക്കറ്റ്കീപ്പര്‍-ബാറ്റ്‌സ്‌മാന്‍ കുമാര്‍ സങ്കക്കാരയായിരുന്നു.

ഓപ്പണര്‍ ഉപുല്‍ തരംഗ മികച്ച ബാറ്റിങ്ങ് കാഴ്‌ച വെച്ചപ്പോള്‍ വേണ്ട പിന്തുണ നല്‍കുകയായിരുന്നു സങ്കക്കാരയുടെ ജോലി. കീവീസ് ബോളിങ്ങിന്റെ കുന്തമുന എന്ന് വിശേഷിപ്പിക്കാവുന്ന ഷെയ്ന്‍ ബോണ്ട് നിറം മങ്ങിയത് തരംഗയ്‌ക്ക് റണ്‍സ് നേടുക എന്ന ജോലി എളുപ്പമാക്കി.

തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ലങ്ക മടങ്ങിവരികയായി എന്ന് തോന്നിയപ്പോഴാണ് രണ്ടാം വിക്കറ്റ് സങ്കക്കാരയുടെ രൂപത്തില്‍ വീണത്. ഇത്തവണയും ലങ്കയുടെ വില്ലനായത് ഫ്രാങ്ക്‍ലിന്‍ തന്നെ, 13.2 ഓവറില്‍ 67/2. അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് തന്റെ വിക്കറ്റ് തുലച്ചതില്‍ സങ്കക്കാരയ്‌ക്ക് വിഷമം തോന്നിയിരിക്കാം. നാലാമനായി ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെ ക്രീസിലെത്തി. തുടക്കത്തില്‍ അല്‍‌പം മെല്ലെ തുടങ്ങിയ ജയവര്‍ധനെ പതിയെ താളം കണ്ടെത്തി. മറുവശത്ത് ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് തരംഗ ക്യാപ്‌റ്റന്റെ മേലുള്ള സമര്‍ദ്ദം കുറച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി അനവസരത്തില്‍ ലങ്കയ്‌ക്ക് വിക്കറ്റ് നഷ്‌ടപ്പെട്ടു. ഇത്തവണ തരംഗയുടെ രൂപത്തില്‍ - വെട്ടോരിയുടെ പന്തില്‍ ബോള്‍‌ഡ്. തരംഗ 74 പന്തില്‍ 73 റണ്‍സ് നേടി.

പിന്നീടാണ് മത്സരത്തിലെ ഏറ്റവും “പ്രധാനമായ” രണ്ട് തീരുമാനങ്ങള്‍ കണ്ടത്. മുപ്പത്തിഅഞ്ചാം ഓവറില്‍ ചമര സില്‍‌വയും നാല്‍‌പത്തിയാറാം ഓവറില്‍ തിലകരത്നെ ദില്‍‌ഷനും പുറത്തായ തീരുമാനങ്ങളായിരുന്നു അവ. രണ്ട് പേരും അമ്പയര്‍മാരാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കപ്പെട്ടു! ഏകദിനക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നനായ റൂഡി കോട്‌സനും ഇപ്പോഴുള്ളവരിലെ മിടുക്കനായ അമ്പയര്‍ എന്ന് വിളിക്കാവുന്ന സൈമണ്‍ ടോഫലും നല്‍കിയ രണ്ട് തീരുമാനങ്ങള്‍ ഈ ലോകകപ്പിലെ തന്നെ വിഡ്‌ഢിത്തരമായി നമുക്ക് കാണാം. പന്ത് ബാറ്റില്‍ കൊണ്ടോ ഇല്ലയൊ എന്നൊക്കെ മനസിലാക്കാന്‍ ഇയര്‍ഫോണൊക്കെ നല്‍കിയാണ് ഐ.സി.സി ഇത്തവണ ലോകകപ്പ് നടത്തുന്നത്. എന്നാല്‍ ഇന്നലെ ആ ഇയര്‍ഫോണ്‍ ചെവിയില്‍ വെയ്‌ക്കാന്‍ റൂഡി കോര്‍ട്സന്‍ മറന്നെന്ന് തോന്നി. ചമരസില്‍‌വയുടെ ബാറ്റില്‍ കൊണ്ട ശേഷമാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് കളി ഗാലറിയിലിരുന്ന് കണ്ടവര്‍ക്ക് കൂടി മനസിലാവുമായിരുന്നു. അതുപോലെ ലെഗ്‌സ്‌റ്റമ്പിന് പുറത്തേയ്‌ക്ക് പോകുകയാണ് എന്ന് ഏത് കൊച്ചുകുഞ്ഞിനു പോലും മനസിലാവുന്ന ഒരു പന്തിലാണ് ദില്‍‌ഷന്‍ പുറത്തായത്.

എന്നാല്‍ ഈ രണ്ട് തീരുമാനങ്ങളും ലങ്കയെ ബാധിച്ചു എന്ന് പറയാനാവില്ല. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ക്കാന്‍ കഴിവുള്ള ഒരു ബാറ്റ്‌സ്‌മാനെ ആയിരുന്നു ലങ്കയ്‌ക്ക് ആവശ്യം. ആ ജോലി ജയവര്‍ധനെ മനോഹരമായി നിര്‍വഹിച്ചു. ഒരു തീവണ്ടിയുടെ രീതിയിലായിരുന്നു ജയവര്‍ധനെയുടെ ഇന്നിങ്ങ്സ് എന്ന് പറയാം. 25 തികയ്‌ക്കാന്‍ 45 പന്തുകള്‍, 50 തികയ്‌ക്കാന്‍ 78 പന്തുകള്‍, അടുത്ത 53 റണ്‍സിന് വേണ്ടി വന്നത് 26 പന്തുകള്‍ മാത്രം. ഒടുവില്‍ ഇന്നിങ്ങ്സ് അവസാനിക്കുമ്പോള്‍ 109 പന്തില്‍ 115 റണ്‍സുമായി ജയവര്‍ധനെ ക്രീസിലുണ്ടായിരുന്നു.

സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ 240-250 തന്നെ വിജയിക്കാവുന്ന സ്‌കോര്‍ ആയിരുന്നു ലങ്കയ്‌ക്ക്. മുരളീധരനെ പോലെ ഒരു ലോകോത്തര ബോളര്‍ ഉള്ളപ്പോള്‍ 289 റണ്‍സിന് 350-ന്റെ മതിപ്പുണ്ടായിരുന്നു.

ജയിക്കണമെങ്കില്‍ കീവീസിന് ഫ്ലെമിങ്ങിന്റെ മികച്ചൊരിന്നിങ്ങ്സ് അനിവാര്യമായിരുന്നു.എന്നാല്‍ അതുണ്ടായില്ല. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ലസിത് മലിംഗ ഫ്ലെമിങ്ങിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. തീപാറുന്ന പന്തുകളുമായി മലിംഗ കീവീസ് ബാറ്റ്‌സ്‌മാന്മാരെ വെള്ളം കുടിപ്പിച്ചു. മറുവശത്ത് ചാമിന്ദ വാസും കൂടി ചേര്‍ന്നതോടെ കീവീസ് തോല്‍‌വി മണത്തു തുടങ്ങി. പത്ത് ഓവര്‍ തള്ളിനീക്കിയ ഫള്‍ടനും ടെയ്‌ലറും സ്‌കോര്‍ 30 കടത്തി.

പതിനൊന്നാം ഓവറില്‍ ടെയ്‌ലര്‍ വാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് സ്‌കോട്ട് സ്‌റ്റൈറിസ് ക്രീസിലെത്തി. വലതു കൈയ്യില്‍ ചെറിയ പരിക്കുമായാണ് സ്‌റ്റൈറിസ് ബാറ്റിങ്ങിനെത്തിയത്. എന്നാല്‍ തന്റെ സ്ഥിരം ശൈലിയില കളിച്ച സ്‌റ്റൈറിസ് പരിക്കിന്റെ ലക്ഷണമൊന്നും കാണിച്ചില്ല. സ്‌റ്റൈറിസിന്റെ ഇന്നിങ്ങ്സ് കീവീസിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുപത്തിരണ്ടാം ഓവറില്‍ ദില്‍‌ഷനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ സ്റ്റൈറിസിനെ കീവീസിന് നഷ്‌ടമായി. കളിയുടെ വഴിത്തിരിവായിരുന്നു ആ വിക്കറ്റ്. അതിന് ശേഷം കീവി മധ്യനിരയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു. 26 ഓവര്‍ കഴിഞ്ഞപ്പോളേയ്‌ക്കും ന്യൂസിലാന്റ് 116 റണ്‍സിന് 7 വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയിരുന്നു. ജേക്കബ് ഓറം, ബ്രണ്ടന്‍ മക്കല്ലം, ഡാനിയല്‍ വെട്ടോരി എന്നിവരെ പുറത്താക്കിയ മുരളീധരനാണ് കീവീസിനെ തകര്‍ത്തത്. ജയസൂര്യ ഫള്‍ട്ടനെയും മക്‍മില്ലനെയും മടക്കി.

മുപ്പത്തിരണ്ടാം ഓവറില്‍ ഒമ്പതാം വിക്കറ്റായി ഷെയ്ന്‍ ബോണ്ട് മടങ്ങുമ്പോള്‍ കീവി സ്‌കോര്‍ 149. അവസാന വിക്കറ്റിന് ഫ്രാങ്ക്‍ലിനും ജിതേന്‍ പട്ടേലും ചേര്‍ന്ന് നേടിയ 59 റണ്‍സ് തോല്‍‌വി വൈകിപ്പിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളു.

8 ഓവറില്‍ 31 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത മുരളീധരന്‍ തന്നെയായിരുന്നു ലങ്കന്‍ ബോളര്‍മാരില്‍ ഏറെ തിളങ്ങിയത്. എന്നാല്‍ ടീമിന്റെ ആവശ്യം മനസിലാക്കി ഉജ്ജ്വലമായി ബാറ്റ് ചെയ്‌ത് സെഞ്ചുറി നേടിയ നായകന്‍ മഹേല ജയവര്‍ധനെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കി. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഓസീസ് - ദ.ആഫ്രിക്ക വിജയികളെ ശ്രീലങ്ക 28-ന് ഫൈനലില്‍ നേരിടും.