സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

6:59 AM

നാലു ടീമുകള്‍..

Posted by Balagopal R |

പ്രിയപ്പെട്ട വായനക്കാരെ, ഒരിടവേളയ്‌ക്ക് ശേഷം സ്‌റ്റമ്പ്‌ഡ് തുടരുന്നു. ലോകകപ്പിന്റെ ഏറ്റവും പ്രധാനഭാഗങ്ങളില്‍ വെച്ച് അവധിയെടുക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.

സൂപ്പര്‍ 8 ഘട്ടം അതിന്റെ അവസാനത്തിലെത്തിയിരിക്കുന്നു. ഇതിനോടകം തന്നെ അവസാന നാലു ടീമുകളെ കണ്ടെത്തി കഴിഞ്ഞു എന്നത് ഇനിയുള്ള മത്സരങ്ങളുടെ പ്രാധാന്യം നഷ്‌ടപ്പെടുത്തിയിരിക്കുകയാണ്. ലോകക്രിക്കറ്റിന്റെ പുതിയ രാജാക്കന്മാരെ കണ്ടെത്താന്‍ ഇനി പത്തു ദിവസം മാത്രം.. സെമി ഫൈനലിലെത്തിയ നാലു ടീമുകള്‍ക്ക് ഈ ലോകകപ്പ് എങ്ങനെയിരുന്നു എന്ന് പരിശോധിക്കുകയാണ് ഈ ലക്കം..

ഓസ്‌ട്രേലിയ

തുടര്‍ച്ചയായി മൂന്നാം തവണ ലോകകപ്പ് നേടുകയാണ് ഓസീസിന്റെ ലക്ഷ്യം. ഇതുവരെ തോല്‍‌വിയറിയാതെയാണ് ഓസീസ് സെമിയിലെത്തിയിരിക്കുന്നത്.

പേസ് ബോളര്‍ ബ്രെറ്റ് ലീയുടെയും ഓള്‌റൌണ്ടര്‍ ആന്‍‌ഡ്രൂ സൈമണ്ട്‌സിന്റേയും പരിക്ക് ഓസീസിന് തിരിച്ചടിയാവുമെന്ന് കരുതിയിരുന്നു. എന്നാല്‍ അവരുടെ അഭാവം ഓസീസ് ആരെയും അറിയിച്ചതേയില്ല.. സെമി ഫൈനലിലേയ്‌ക്ക് കടന്ന ഓസീസിന് ഇപ്പോള്‍ സൈമണ്ട്‌സിന്റെ സേവനവും ലഭ്യമാണെന്നത് അവരുടെ കരുത്ത് വര്‍ധിപ്പിക്കുന്നു.

കുഞ്ഞന്‍ ടീമുകള്‍ ലോകകപ്പിനാവശ്യമേയില്ല എന്ന് പറഞ്ഞാണ് ഓസീസ് ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങ് കപ്പിന്റെ തുടക്കത്തില്‍ വാര്‍ത്തയിലിടം നേടിയത്. മറ്റ് പലരേയും കുഞ്ഞന്മാര്‍ വിറപ്പിച്ചെങ്കിലും ഓസീസിന് മുന്നില്‍ വന്നപ്പോള്‍ അവര്‍ നാണംകെട്ട് തോറ്റു. കരുത്തരായ ടീമുകളെയും ആധികാരികമായി തോല്‍‌പിച്ച ഓസീസ് തന്നെയാണ് എന്റെ അഭിപ്രായത്തില്‍ ഇത്തവണയും “ഫേവറൈറ്റ്‌സ്”..

ശ്രീലങ്ക

കപ്പിന് മുമ്പ് ഇന്ത്യയുടെ പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ 8-ല്‍ എത്തി അവിടെ അവസാനിക്കും എന്ന് കരുതപ്പെട്ടിരിന്നുവരാണ് ലങ്ക. കിരീടം നേടാന്‍ പോന്നവരാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിരുന്നില്ല.

എന്നാല്‍ കപ്പ് തുടങ്ങിയപ്പോള്‍ കളി കാര്യമായി.. ദ. ആഫ്രിക്കയോടും ഓസീസിനോടും ലങ്ക തോറ്റെങ്കിലും അവരെ അങ്ങനെ കുറച്ച് കാണാനാവില്ല. മുരളീധരനും വാസുമില്ലാത്ത ബോളിങ്ങ് നിരയാണ് ഓസീസിനോട് തോറ്റത്. ദ. ആഫ്രിക്കയുമായുള്ള മത്സരം അത്രയെളുപ്പം ആരും മറക്കുമെന്ന് തോന്നുന്നില്ല.. ആദ്യ റൌണ്ടിലെ എല്ലാ മത്സരങ്ങളും മികച്ച വിജയം കൈവരിച്ചാണ് ലങ്ക സൂപ്പര്‍ 8-ല്‍ എത്തിയത്.

സെമിയില്‍ ന്യൂസിലാന്റ് ആവും ലങ്കയുടെ എതിരാളി.. സൂപ്പര്‍ 8-ലെ വിജയം ലങ്കയ്‌ക്ക് ആത്മവിശ്വാസം പകരും.

ന്യൂസിലാന്റ്

കറുത്ത കുതിരകള്‍ എന്ന വിശേഷണമാണ് കീവീസിന് എല്ലാവരും നല്‍കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ച വെയ്‌ക്കാന്‍ അവര്‍ക്ക് പലപ്പോഴും കഴിയാതെ പോകുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ മറ്റൊരു ന്യൂസിലാന്റിനെ കാണാന്‍ കഴിഞ്ഞു. ആദ്യ റൌണ്ട് മുതല്‍ നല്ല പ്രകടനം കാഴ്‌ച വെച്ച ഫ്ലെമിങ്ങിന്റെ ടീമും കപ്പിനായുള്ള പോരാട്ടത്തില്‍ സജീവ സാന്നിധ്യമാണ്.

ഇതിനുമുമ്പും പല ടൂര്‍ണമെന്റിലും തുടക്കത്തില്‍ മിന്നുന്ന പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ട് കീവീസ്. എന്നാല്‍ നോക്ക് ഔട്ട് ഘട്ടത്തില്‍ കാലിടറുകയാണ് പതിവ്. ഇത്തവണ എന്താവുമെന്ന് കാത്തിരുന്ന് കാണാം.

ദ. ആഫ്രിക്ക

ലോകകപ്പിന് തൊട്ട് മുമ്പ് കൈയ്യില്‍ ഐ.സി.സി.യുടെ റേറ്റിങ്ങ് പ്രകാരം ഏകദിനങ്ങളില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയാണ് ദ.ആഫ്രിക്ക എന്ന പ്രോട്ടിയാസ് ലോകകപ്പിന് എത്തിയത്. മികച്ച റണ്‍ റേറ്റിന്റെ റെക്കോഡും സിക്‍സറുകളുമൊക്കെയായി രാജകീയമായാണ് അവര്‍ ഒന്നാം റൌണ്ട് കടന്നത്. ശക്തരായ ഓസീസിനോട് തുടക്കത്തില്‍ പൊരുതിയെങ്കിലും ഇടയ്‌ക്ക് വെച്ച് കളി കൈവിട്ടു പോയി എന്ന് മാത്രം.

രണ്ടാം റൌണ്ടില്‍ ഒട്ടേറെ പ്രതീക്ഷകളുമായി എത്തിയ പ്രോട്ടിയാസ് ശ്രീലങ്കയോട് കഷ്‌ടിച്ച് ജയിച്ച് തടിതപ്പി. അധികം വൈകാതെ ബംഗ്ലാദേശിനോട് തോറ്റ് സ്ഥിതി പരുങ്ങലിലാവുകയും ചെയ്‌തു (മറ്റ് ചിലര്‍ക്ക് ആശ്വസിക്കാം.. നമ്മള്‍ മാത്രമല്ലല്ലോ തോറ്റത് എന്ന് പറഞ്ഞ്..!)

ഇന്നലെ ഇംഗ്ലണ്ടിനെ തൂത്തുവാരി സെമിഫൈനല്‍ സ്ഥാനമുറപ്പിച്ചു. സെമിയിലെത്താന്‍ ഏറ്റവും പാടുപ്പെട്ടതും ഇവര്‍ തന്നെ. നേരിടേണ്ടത് ഓസീസിനെയാണെന്നത് ഫൈനലിലേയ്‌ക്കുള്ള അവരുടെ യാത്രയെ തടസ്സപ്പെടുത്തിയേക്കാം..

ആരായിരിക്കും ആ ജേതാവ്?? ആദ്യകിരീടം ലക്ഷ്യമിട്ട് ന്യൂസിലാന്റും ദ.ആഫ്രിക്കയും.. മൂന്ന് തവണ തുടര്‍ച്ചയായി കിരീടം നേടുക എന്ന ലക്ഷ്യവുമായി ഓസ്‌ട്രേലിയ.. ഒരിക്കല്‍ കൂടി കപ്പ് ദ്വീപിലേയ്‌ക്ക് കൊണ്ടുവരാന്‍ ശ്രീലങ്കയും..

സെമിഫൈനല്‍ ആവേശമുണര്‍ത്തും എന്ന പ്രതീക്ഷയില്‍ നഷ്‌ടബോധത്തോടെ ഒരിന്ത്യക്കാരന്‍..

1 comments:

Balu..,..ബാലു said...

സൂപ്പര്‍ 8 ഘട്ടം അതിന്റെ അവസാനത്തിലെത്തിയിരിക്കുന്നു. ലോകക്രിക്കറ്റിന്റെ പുതിയ രാജാക്കന്മാരെ കണ്ടെത്താന്‍ ഇനി പത്തു ദിവസം മാത്രം.. സെമി ഫൈനലിലെത്തിയ നാലു ടീമുകള്‍ക്ക് ഈ ലോകകപ്പ് എങ്ങനെയിരുന്നു എന്ന് പരിശോധിക്കുകയാണ് ഈ ലക്കം..