സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

അട്ടിമറികളുമായി ലോകകപ്പിന്റെ അഞ്ചാം ദിവസം കടന്നു പോയി. ആദ്യ മത്സരം തോറ്റ ഇന്ത്യയ്‌ക്ക് മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടേറിയതായപ്പോള്‍ പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്താവുന്ന ആദ്യ ടീമായി.

ആറാം ദിവസം ലോകകപ്പില്‍ ഓസ്‌ട്രേലിയ ഹോളണ്ടിനേയും ഇംഗ്ലണ്ട് കാനഡയേയും തോല്‍‌പിച്ചു. എന്നാല്‍ മത്സരങ്ങളേക്കാള്‍ വാര്‍ത്തയായത് പാക്ക് കോച്ച് ബോബ് വൂമറുടെ നിര്യാണമാണ്. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കിടന്ന വൂമറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോകകപ്പില്‍ നിന്നും പുറത്തായ പാകിസ്ഥാന്‍ ടീം ക്യാപ്‌റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ് ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയ V/s ഹോളണ്ട്

അവസാന്‍ പത്തോവറില്‍ 130 റണ്‍സ് വാരിക്കൂട്ടിയ ഓസീസ് ഹോളണ്ടിനെ നിഷ്‌പ്രയാസം മറികടന്നു. ഇതോടെ ഓസീസ് സൂപ്പര്‍ എയിറ്റിലേയ്‌ക്ക് കടക്കുന്ന ആദ്യ ടീമായപ്പോള്‍ ഹോളണ്ട് ലോകകപ്പില്‍ നിന്നും പുറത്തായി.

സ്‌കോര്‍

ഓസ്‌ട്രേലിയ 50 ഓവറില്‍ 358/5
ഹോളണ്ട് 26.5 ഓവറില്‍ 129.

മത്സരത്തെ പറ്റി കാര്യമായ വിവരണത്തിന്റെ ആവശ്യമില്ല. ഓസീസിന് മുന്നില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനുള്ള ശേഷിയൊന്നും ഹോളണ്ടിനില്ലായിരുന്നു. അതു കൊണ്ട് തികച്ചും ഏകപക്ഷീയമായ മത്സരമായിരുന്നു ഇത്.

ടോസ് നേടിയ ഓസീസ് ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ദ.ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ബാറ്റ്‌സ്‌മാന്മാര്‍ക്ക് ഒരു പരിശീലനം നല്‍കുകയായിരുന്നു പോണ്ടിങ്ങിന്റെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു.

എടുത്ത് പറയേണ്ടത് ഓസീസ് മധ്യനിര ബാറ്റ്‌സ്‌മാന്‍ ബ്രാഡ് ഹോഡ്‌ജിന്റെ സെഞ്ച്വറി മാത്രം. അവസാന ഓവറുകളില്‍ ഹോളണ്ട് ബോളര്‍മാരെ അടിച്ചു തകര്‍ത്ത ഹോഡ്‌ജ് 89 പന്തില്‍ 123 റണ്‍സ് നേടി. അവസാന 53 റണ്‍സ് നേടാന്‍ ഹോഡ്‌ജിന് 17 പന്തുകളേ വേണ്ടി വന്നുള്ളു. മൈക്കിള്‍ ക്ലാര്‍ക്ക് ഹോഡ്‌ജിന് നല്ല പിന്തുണ നല്‍കി. ക്ലാര്‍ക്ക് 85 പന്തില്‍ 93 റണ്‍സ് നേടി പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോളണ്ട് പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി. ദ.ആഫ്രിക്കയുമായുള്ള മത്സരത്തിലെ “സിക്‍സര്‍ വീരന്‍” വാന്‍ ബംഗ് 33 റണ്‍സ് നേടി ടോപ് സ്‌കോററായി.

കളിയുടെ കാര്യത്തില്‍ ഹോളണ്ട് ഒരിക്കലും ഓസീസിന് ഒരെതിരാളിയായിരുന്നില്ല. 229 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി അവര്‍ ലോകകപ്പില്‍ നിന്നും പുറത്തേയ്‌ക്കുള്ള വഴി കണ്ടു.

ഇംഗ്ലണ്ട് V/s കാനഡ

മത്സരത്തെക്കാളേറെ കളിക്കളത്തിന് പുറത്ത് നടന്ന കാര്യങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മത്സരത്തില്‍ കാനഡയോട് അല്‍‌പം വിയര്‍പ്പൊഴുക്കിയാണെങ്കിലും ഇംഗ്ലണ്ട് ജയിച്ചു. അച്ചടക്കമില്ലാതെ പെരുമാറിയതിന് വൈസ്‌ക്യാപ്‌റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്‌ടപെടുത്തിയ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്ലിന്റോഫിനെ കുറിച്ചായിരുന്നു ഏറെ ചര്‍ച്ച.

സ്‌കോര്‍

ഇംഗ്ലണ്ട് 50 ഓവറില്‍ 279/6.
കാനഡ 50 ഓവറില്‍ 228/7.

ടോസ് നേടിയ കാനഡ ക്യാപ്‌റ്റന്‍ ജോണ്‍ ഡേവിസണ്‍ ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ്ങ് വിക്കറ്റിന് 101 റണ്‍സ് ചേര്‍ത്ത ഇംഗ്ലണ്ട് പക്ഷെ മികച്ച തുടക്കം കൂറ്റന്‍ സ്‌കോറില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. അവസാനനിമിഷം പോള്‍ കൊളിന്‍‌വുഡും പോള്‍ നിക്‍സണും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ 279ല്‍ എത്തിച്ചത്. കൊളിന്‍‌വുഡ് 48 പന്തില്‍ 62 റണ്‍സ് നേടി. 66 റണ്‍സ് നേടിയ എഡ് ജോയിസ് ടോപ്‌സ്‌കോററായെങ്കിലും അത്ര തിളക്കമുള്ളതായിരുന്നില്ല ആ ഇന്നിങ്ങ്സ്.

17 ഓവറില്‍ 65 റണ്‍സിന് 4 വിക്കറ്റ് നഷ്‌ടപ്പെട്ട കാനഡ തിരിച്ചടിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മധ്യനിരയില്‍ അല്‍‌പം പോരാട്ടവീര്യം കാണിച്ച കനേഡിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ കളി ആവേശകരമാക്കി. കാനഡയ്‌ക്ക് വേണ്ടി ആസിഫ് മുല്ല 60 പന്തില്‍ 58 റണ്‍സ് നേടി. മുപ്പത്തിയഞ്ചാം ഓവറില്‍ മുല്ല പുറത്തായത് കാനഡയുടെ റണ്‍‌റേറ്റിനെ ബാധിച്ചു.

ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിലെ പ്രകടനം അത്ര മെച്ചമല്ല. ഗ്രൂപ്പില്‍ ഇനി കെനിയയാണ് എതിരാളികള്‍ എന്നത് ഇംഗ്ലണ്ടിന് ആശ്വാസമാണെങ്കിലും ഏതു നിമിഷവും തിരിച്ചടിക്കാന്‍ കെല്‍‌പുള്ളവരാണ് കെനിയ എന്ന സത്യം ഇംഗ്ലണ്ട് മറക്കാനിടയില്ല. അയര്‍ലണ്ടിനും ബംഗ്ലാദേശിനും സാധിക്കുമെങ്കില്‍ കെനിയയ്‌ക്കും ചിലതൊക്കെ സാധിക്കും.. ഫലത്തില്‍ ഒരു മരണഗ്രൂപ്പ് തന്നെയാണ് ഇംഗ്ലണ്ടിന്റേത്.

ഇന്നത്തെ മത്സരങ്ങള്‍

ഇന്ത്യ V/s ബെര്‍മുഡ
വെസ്‌റ്റ് ഇന്‍ഡീസ് V/s സിംബാബ്‌വെ

2 comments:

Balu said...

ആറാം ദിവസം ലോകകപ്പില്‍ ഓസ്‌ട്രേലിയ ഹോളണ്ടിനേയും ഇംഗ്ലണ്ട് കാനഡയേയും തോല്‍‌പിച്ചു. എന്നാല്‍ മത്സരങ്ങളേക്കാള്‍ വാര്‍ത്തയായത് പാക്ക് കോച്ച് ബോബ് വൂമറുടെ നിര്യാണമാണ്.

സ്റ്റമ്പ്‌ഡ് ഒരു വിജയമാക്കിയ എല്ലാ വായനക്കാര്‍ക്കും നന്ദി..

ബാലു.

K.V Manikantan said...

ബാലു,
ഏഴാംദിവസത്തെ വിശകലനത്തോടൊപ്പം, ഇനി ഇന്ത്യയ്ക്കുള്ള സാധ്യതാകോമ്പിനേഷനുകള്‍ ചേര്‍ക്കാന്‍ മറക്കരുതേ.