സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

സിംബാബ്‌വെ V/s അയര്‍ലണ്ട്

ലോകകപ്പില്‍ ഇന്നലെ ചെറിയ ടീമുകളുടെ മത്സരത്തില്‍ സിംബാബ്‌വെയും അയര്‍ലണ്ടും സമനിലയില്‍ പിരിഞ്ഞു. ലോകകപ്പ് ചരിത്രത്തിലെ തന്നെ മൂന്നാമത് “ടൈ”യില്‍ രണ്ടു ടീമുകളും 221 റണ്‍സ് വീതം നേടി.

സ്‌കോര്‍

അയര്‍ലണ്ട് 50 ഓവറില്‍ 221/9.


സിംബാബ്‌വെ 50 ഓവറില്‍ 221.


ടോസ് നേടിയ സിംബാബ്‌വെ ക്യാപ്‌റ്റന്‍ പ്രോസ്‌പര്‍ ഉത്‌സേയ അയര്‍ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പോട്ടര്‍ഫീള്‍ഡിനെ പൂജ്യത്തിന് പുറത്താക്കി സിംബാബ്‌വെ ബോളര്‍ ക്രിസ് എം‌പൊഫു ക്യാപ്‌റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചു.

എന്നാല്‍ കൂട്ടുകാരനെ പോലെ അത്ര എളുപ്പം കീഴടങ്ങാന്‍ ഐറിഷ് ഓപ്പണര്‍ ജെറെമി ബ്രേ തയ്യാറല്ലായിരുന്നു. 10 ഫോറും 2 സിക്‍സുമടക്കം 137 പന്തില്‍ നിന്നും 115 റണ്‍സ് നേടിയ ബ്രേ ഇന്നിങ്ങ്സില്‍ ഉടനീളം ബാറ്റ് ചെയ്‌തു. ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും തളരാതെ പൊരുതിയ ബ്രേ തന്നെയായിരുന്നു അവരുടെ ശക്തി.

മദ്ധ്യ ഓവറുകളില്‍ റണ്‍‌റേറ്റ് നിലനിര്‍ത്താന്‍ ബാറ്റ്സ്‌മാന്മാര്‍ പരാജയപ്പെട്ടെങ്കിലും വാലറ്റക്കാരുമൊത്ത് അവസാനം ബ്രേ നടത്തിയ പോരാട്ടം അയര്‍ലണ്ടിന് പൊരുതാനുള്ള സ്‌കോര്‍ നല്‍കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ മെല്ലെയാണെങ്കിലും വിജയത്തിലേയ്‌ക്ക് അടുക്കുകയായിരുന്നു. ഓപ്പണര്‍ വുസി സിബാന്ദയും മദ്ധ്യനിരയില്‍ സ്‌റ്റുവാര്‍ട്ട് മെറ്റ്‌സികെനിയേരിയും അരസെഞ്ച്വറികള്‍ നേടിയപ്പോള്‍ സിംബാബ്‌വെ 46 ഓവര്‍ പിന്നിടുമ്പോള്‍ വിജയത്തിന് വെറും 12 റണ്‍സ് മാത്രം അകലെയായിരുന്നു, നാലു വിക്കറ്റുകള്‍ ശേഷിക്കേ. സിബാന്ദ 84 പന്തില്‍ നിന്നും 67 റണ്‍സും മെറ്റ്സികെനിയേരി 76 പന്തില്‍ 73 റണ്‍സും നേടി.‍

ഐറിഷ് ക്യാപ്‌റ്റന്‍ ട്രെന്റ് ജോണ്‍സണ്‍ എറിഞ്ഞ നാല്‍‌പത്തിയേഴാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അതോടെ സമര്‍ദ്ദത്തിലായ സിംബാബ്‌വെ താരങ്ങള്‍ ജയത്തിന് വേണ്ടി അനാവശ്യ ധൃതി കാണിക്കാന്‍ തുടങ്ങി. ഒരു വശത്ത് പരിചയസമ്പന്നനായ മെറ്റ്‌സികെനിയേരി ഉണ്ടായിരുന്നെങ്കിലും ഐറിഷ് ബോളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ സിംബാബ്‌വെ റണ്‍സ് നേടാന്‍ വിഷമിച്ചു. കൈവിട്ടു പോയെന്ന് കരുതിയ കളിയില്‍ ഒരു സാധ്യത കണ്ടതോടെ ഐറിഷ് കാണികളും തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി.

അവസാന ഓവറില്‍ ജയിക്കാന്‍ ഒരു വിക്കറ്റ് അവശേഷിക്കേ 9 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വെയുടെ പ്രതീക്ഷ മെറ്റ്‌സികെനിയേരിയിലായിരുന്നു. ഓഫ് സ്‌പിന്നര്‍ ആന്‍ഡ്രൂ വൈറ്റ് എറിഞ്ഞ ആ ഓവറിന്റെ ആദ്യ രണ്ട് പന്തുകളിലും രണ്ട് റണ്‍സ് വീതം മെറ്റ്‌സികെനിയേരി സ്വന്തമാക്കി. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്തില്‍ പതിനൊന്നാമന്‍ എഡ് റെയ്ന്‍‌സ്‌ഫോഡ് ഒരു റണ്‍ കൂടി നേടി.

രണ്ട് പന്തില്‍ മൂന്നു റണ്‍സ് വിജയലക്ഷ്യം. അഞ്ചാം പന്ത് മെറ്റ്‌സികെനിയേരി ആഞ്ഞടിച്ചെങ്കിലും നേരെ പോയത് ജോണ്‍സന്റെ കൈകളിലേക്കായിരുന്നു. എന്നാല്‍ ജോണ്‍സണ്‍ ക്യാച്ച് കൈവിട്ടു. ആ തക്കത്തിന് സിംബാബ്‌വെ ബാറ്റ്‌സ്‌മാന്മാര്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍. മെറ്റ്‌സികെനിയേരി പക്ഷെ ആ പന്ത് നഷ്‌ടപ്പെടുത്തി. സ്‌റ്റമ്പിങ്ങിനുള്ള അപ്പീല്‍ മെറ്റ്‌സികെനിയേരി അതിജീവിച്ചെങ്കിലും നോണ്‍ സ്‌ട്രൈക്കര്‍ റെയ്ന്‍‌സ്‌ഫോഡ് റണ്ണൌട്ടായി..! അവിശ്വസിനീയമായതെന്തോ സംഭവിച്ചത് പോലെ സിംബാബ്‌വെ ക്യാപ്‌റ്റന്‍ ഉത്‌സേയ തലയ്‌ക്ക് കൈകൊടുക്കുമ്പോള്‍ ഐറിഷ് താരങ്ങള്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു..

ജയിക്കാമായിരുന്ന കളി അവസാന നിമിഷങ്ങളില്‍ കാണിച്ച അമിതാവേശം മൂലം സമനിലയാക്കി തൃപ്‌തിപ്പെടേണ്ടി വന്ന സിംബാബ്‌വെ താരങ്ങള്‍ക്ക് മത്സരം ദുഃഖകരമായ ഓര്‍മ്മയായി. മറുവശത്ത് അയര്‍ലണ്ടാകട്ടെ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ പരാജയം ഒഴിവാക്കിയതിന്റെ ആഹ്ലാദത്തിലായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടാം റൌണ്ടിലെത്താനും കഴിയും എന്നായിരുന്നു ഐറിഷ് ക്യാപ്‌റ്റന്‍ ജോണ്‍സന്റെ പ്രതികരണം.

ഈ ലോകകപ്പിലെ ഏറ്റവും ഓര്‍ത്തിരിക്കാവുന്ന മത്സരങ്ങളിലൊന്നാവും ഇത് എന്ന കാര്യത്തില്‍ സംശയമില്ല..

ശ്രീലങ്ക V/s ബെര്‍മുഡ

മികച്ച ക്യാച്ചുകള്‍ എടുത്തെങ്കിലും എളുപ്പമുള്ള “പ്രധാന ക്യാച്ചുകള്‍” നഷ്‌ടപ്പെടുത്തിയത് വഴി ശ്രീലങ്കയോട് 243 റണ്‍സിന്റെ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു തുടക്കക്കാരായ ബെര്‍മുഡയ്‌ക്ക്.

സ്‌കോര്‍

ശ്രീലങ്ക 50 ഓവറില്‍ 321/6.


ബെര്‍മുഡ 24.4 ഓവറില്‍ 78.

ഭാഗ്യം ശ്രീലങ്കന്‍ ക്യാപ്‌റ്റനൊപ്പമായിരുന്നു ഇന്നലെ. ടോസ് മുതല്‍ ആ ഭാഗ്യം ജയവര്‍ധനെ മുതലെടുത്തു. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കന്‍ ഇന്നിങ്ങ്സ് സംഭവബഹുലമായിരുന്നു.

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ബോളര്‍മാരെ പിച്ചിചീന്തുന്ന ജയസൂര്യയെ ആദ്യം മുതലേ തളച്ചിടാന്‍ ബെര്‍മുഡയുടെ ബോളര്‍മാര്‍ക്ക് കഴിഞ്ഞു. ആദ്യ ഓവറില്‍ തന്നെ ജയസൂര്യയ്‌ക്ക് വിരലിനൊരു “സമ്മാനം” കൊടുക്കാനും ഹര്‍ഡില്‍ എന്ന ബെര്‍മുഡന്‍ ബോളര്‍ക്കായി. എന്നാല്‍ മറുവശത്ത് ഉപുല്‍ തരംഗ ഉജ്ജ്വലമായി തുടങ്ങി. 3 ഓവറില്‍ ലങ്ക 31 റണ്‍സ് നേടി. തരംഗയ്‌ക്കൊപ്പം ജയസൂര്യയും താളം കണ്ടെത്തിയതോടെ സ്‌കോര്‍ കുതിച്ചു. ഏഴാം ഓവറില്‍ ലങ്കന്‍ സ്‌കോര്‍ 50 കടന്നു. ചെറിയ ടീമുകളോട് മത്സരിക്കുമ്പോള്‍ പടുകൂറ്റന്‍ സ്‌കോര്‍ നേടുകയെന്ന ശൈലി ലങ്ക ആവര്‍ത്തിക്കും എന്ന് തോന്നി.

ഒമ്പതാം ഓവറില്‍ ജയസൂര്യ വീണു. പകരം എത്തിയ ജയവര്‍ധനെ നേരിട്ട ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ നല്‍കിയ എളുപ്പമുള്ള ക്യാച്ച് ബെര്‍മുഡയുടെ തടിയന്‍ ഫീള്‍ഡര്‍ ലിവറോക്ക് താഴെയിട്ടു. അവസാന ഏഴ് ഇന്നിങ്ങ്സുകളിലായി വെറും 46 റണ്‍സ് മാത്രം നേടിയിരുന്ന ജയവര്‍ധനെ കിട്ടിയ അവസരം പരമാവധി മുതലെടുത്തു. 90 പന്തില്‍ നിന്നും 85 റണ്‍സ് നേടിയ ലങ്കന്‍ ക്യാപ്‌റ്റന്‍ മൂന്നാം വിക്കറ്റില്‍ കുമാര്‍ സങ്കക്കരയുമായി ചേര്‍ന്ന് 150 റണ്‍സ് അടിച്ചു കൂട്ടി. സങ്കക്കര 83 പന്തില്‍ നിന്നും 76 റണ്‍സ് നേടി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് മദ്ധ്യ ഓവറുകളില്‍ കളി ബെര്‍മുഡയില്‍ നിന്നും കവര്‍ന്നെടുത്തു.

മുപ്പത്തിയെട്ടാം ഓവറില്‍ സങ്കക്കര പുറത്തായെങ്കിലും ആത്മവിശ്വാസം നഷ്‌ടപ്പെട്ട ബെര്‍മുഡന്‍ ബോളര്‍മാര്‍ക്ക് പിന്നീട് വന്ന ചമര സില്‍‌വയ്‌ക്ക് പ്രയാസമൊന്നും സൃഷ്‌ടിച്ചില്ല. 45 പന്തില്‍ നിന്നും 55 റണ്‍സ് നേടിയ സില്‍‌വ ലങ്കന്‍ സ്‌കോര്‍ 300 കടത്തുന്നതില്‍‍ മുഖ്യപങ്ക് വഹിച്ചു.

തിലകരത്നേ ദില്‍‌ഷനെ പുറത്താക്കാന്‍ ബൌണ്ടറിയില്‍ ടക്കര്‍ എടുത്ത ക്യാച്ച് കളിയില്‍ ഓര്‍ത്തുവെക്കാവുന്നതായിരുന്നു. ഫീള്‍ഡില്‍ പരിചയസമ്പത്തിന്റെ കുറവ് വിളിച്ചോതിയ ബെര്‍മുഡന്‍ താരങ്ങളിലൊരാള്‍ ഇങ്ങനെയൊരു ക്യാച്ച് എടുത്തത് ഏവരേയും അത്ഭുതപ്പെടുത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെര്‍മുഡന്‍ താരങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വെറും 25 ഓവറില്‍ 78 റന്‍സിന് അവരുടെ ഇന്നിങ്ങ്സ് അവസാനിച്ചു. ബാറ്റ്സ്‌മാന്മാരില്‍ ലയണല്‍ കാനിന് മാത്രമാണ് എന്തെങ്കിലും ഓര്‍ത്തു വെക്കാനുള്ളത്. ലോകോത്തര സ്‌പിന്നര്‍ മുത്തയ്യ മുരളീധരനെതിരെ നേടിയ ഒരു കൂറ്റന്‍ സിക്‍സര്‍ അടക്കം 32 പന്തില്‍ നിന്നും കാന്‍ 28 റണ്‍സ് സ്വന്തമാക്കി. ലങ്കന്‍ ബോളര്‍മാരില്‍ തിളങ്ങിയത് നാലു വിക്കറ്റ് നേടിയ ഫര്‍വേസ് മഹാറൂഫ് ആയിരുന്നു.

ചെറിയ ടീമുകളെ സംബന്ധിച്ച് തോല്‍‌വി പ്രശ്‌നമല്ല. എതിരാളികളോട് എത്രമാത്രം പൊരുതാന്‍ കഴിഞ്ഞു എന്നതാണ് പ്രധാനം. ലങ്കയെ 321ല്‍ ഒതുക്കി നിര്‍ത്താനായതില്‍ ബെര്‍മുഡയ്‌ക്ക് അഭിമാനിക്കാം. മുരളീധരനെ ഓവറില്‍ നാലു റണ്‍സിന് മേല്‍ അടിക്കാന്‍ കഴിഞ്ഞത് കളി തോറ്റെങ്കിലും ബെര്‍മുഡയ്‌ക്ക് സന്തോഷം പകര്‍ന്നേക്കും. അങ്ങനെ ചില കാര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍, കനത്ത തോല്‍‌വി ഏറ്റുവാങ്ങിയെങ്കിലും, കളിയില്‍ ചിലയിടത്തൊക്കെ ബെര്‍മുഡ വിജയിച്ചു എന്ന് പറയാം..

ഇന്നത്തെ മത്സരങ്ങള്‍

ഇംഗ്ലണ്ട് V/s ന്യൂസിലാന്റ്


ദ.ആഫ്രിക്ക V/s ഹോളണ്ട്

3 comments:

Balu..,..ബാലു said...

ലോകകപ്പില്‍ ഇന്നലെ ചെറിയ ടീമുകളുടെ മത്സരത്തില്‍ സിംബാബ്‌വെയും അയര്‍ലണ്ടും സമനിലയില്‍ പിരിഞ്ഞു. ലോകകപ്പ് ചരിത്രത്തിലെ തന്നെ മൂന്നാമത് “ടൈ”യില്‍ രണ്ടു ടീമുകളും 221 റണ്‍സ് വീതം നേടി.

മികച്ച ക്യാച്ചുകള്‍ എടുത്തെങ്കിലും എളുപ്പമുള്ള “പ്രധാന ക്യാച്ചുകള്‍” നഷ്‌ടപ്പെടുത്തിയത് വഴി ശ്രീലങ്കയോട് 243 റണ്‍സിന്റെ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു തുടക്കക്കാരായ ബെര്‍മുഡയ്‌ക്ക്.

ലോകകപ്പ് മൂന്നാം ദിവസ വിശേഷങ്ങളുമായി സ്റ്റമ്പ്‌ഡ്!!!

പൊന്നമ്പലം said...

മിക്കവാറും അയര്‍ലന്‍ഡ് നമുക്ക് പണിയുണ്ടാക്കും!

കരീം മാഷ്‌ said...

ഈ ലോകകപ്പിലെ ഏറ്റവും ഓര്‍ത്തിരിക്കാവുന്ന മത്സരങ്ങളിലൊന്നാവും സിംബാബ്‌വെയും അയര്‍ലണ്ടും എന്ന കാര്യത്തില്‍ സംശയമില്ല..