സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

ഒമ്പതാമത് ലോകകപ്പിന് ആവേശകരമായ തുടക്കം. ആദ്യ മത്‌സരത്തില്‍ ആതിഥേയരായ വെസ്‌റ്റ് ഇന്‍ഡീസ് പാകിസ്‌ഥാനെ 54 റണ്‍സിന് പരാജയപ്പെടുത്തി.

സന്നാഹ മത്‌സരത്തില്‍ ഇന്ത്യയോടേറ്റ കനത്ത പരാജയത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന വിന്‍ഡീസ് തികച്ചും മറ്റൊരു ടീമായിരുന്നു ഇന്നലെ. കളിയുടെ എല്ലാ മേഖലയിലും എതിരാളികളെ കവച്ചു വെച്ച ലാറയുടെ സംഘം വിജയം അനായാസം തന്നെ സ്വന്തമാക്കി.

സ്‌കോര്‍ :

വിന്‍ഡീസ് 50 ഓവറില്‍ 241/9.

പാകിസ്ഥാന്‍ 47.2 ഓവറില്‍ 187.

ഒമ്പതാം ലോകകപ്പിലെ ആദ്യ ടോസ് പാക്ക് ക്യാപ്‌റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിനായിരുന്നു. ബോളിങ്ങ് തിരഞ്ഞെടുക്കാനുള്ള “ഇന്‍സി”യുടെ തീരുമാനം ശരി വെയ്‌ക്കുന്ന തരത്തിലാണ് കളി തുടങ്ങിയതും. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കാന്‍ ഉമര്‍ ഗുല്ലിന് കഴിഞ്ഞു, ഈ ലോകകപ്പിലെ ആദ്യ വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്‍മലിന് ക്യാച്ച് നല്‍കിയ ഗെയ്‌ല്‍ സന്നാഹമത്സരത്തില്‍ ഇന്ത്യയോട് പുറത്തായ രീതി ആവര്‍ത്തിച്ചു. അതേ ഓവറില്‍ രാംനരേഷ് സര്‍വാന്റെ അല്‍‌പം പ്രയാസകരമായ ക്യാച്ച് സ്ലിപ്പില്‍ യൂനിസ് ഖാന്‍ നഷ്‌ടപ്പെടുത്തി.

അവസരം മുതലാക്കിയ സര്‍വാന്‍ മികച്ച ബാറ്റിങ്ങ് കാഴ്‌ച വെച്ചു. ചന്ദര്‍പോളുമായി രണ്ടാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്ത സര്‍വാന്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിനെ കരകയറ്റി. സ്കോര്‍ 64ല്‍ നില്‍ക്കുമ്പോള്‍ 19 റണ്‍സെടുത്ത ചന്ദര്‍പോളിനെ റാവു ഇഫ്‌തീക്കര്‍ പുറത്താക്കി. കമ്രാന്‍ അക്‍മലിന് രണ്ടാം ക്യാച്ച്. മാര്‍ലോണ്‍ സാമുവല്‍‌സ് പകരമെത്തി. താമസിയാതെ സര്‍വാനെ ഇഫ്‌തീക്കര്‍ തന്നെ പുറത്താക്കി. ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടുമെന്ന് കരുതിയ സര്‍വാന്‍ പക്ഷെ ആ നേട്ടത്തിന് ഒരു റണ്‍ അകലെയാണ് പുറത്തായത്.

സര്‍വാന് പകരം എത്തിയ ക്യാപ്‌റ്റന്‍ ബ്രയാന്‍ ലാറ സാമുവല്‍‌സിനൊപ്പം ചേര്‍ന്നതോടെ പാകിസ്ഥാന് കളി കൈവിട്ടു തുടങ്ങി. നല്ല ഒത്തിണക്കത്തോടെ ബാറ്റ് ചെയ്‌ത സാമുവല്‍‌സും ലാറയും ഒരു നല്ല അടിത്തറ വിന്‍ഡീസിന് നല്‍കി. ഈ ലോകകപ്പിലെ ആദ്യ സിക്‍സര്‍ സാമുവല്‍‌സിന്റെ ബാറ്റില്‍ നിന്നും പിറന്നു. സര്‍വാന് നഷ്‌ടപ്പെട്ട നേട്ടം സ്വന്തമാക്കിയ സാമുവല്‍‌സ് 70 പന്തില്‍ നിന്ന് 63 റണ്‍സും, ലാറ 56 പന്തില്‍ നിന്നും 37 റണ്‍സും നേടി അടുത്തടുത്ത് പുറത്തായപ്പോള്‍ സ്‌കോര്‍ 44 ഓവറില്‍ 184ന് 5. ഉടന്‍ തന്നെ രാംദിനും പുറത്തായി. നല്ലൊരടിത്തറ മുതലാക്കാന്‍ വിന്‍ഡീസ് പരാജയപ്പെടുന്നു എന്ന് തോന്നിപ്പിച്ചുവെങ്കിലും ഡ്വെയ്ന്‍ സ്‌മിത്തും ഡ്വെയ്ന്‍ ബ്രാവോയും ചേര്‍ന്ന് അവസാന നിമിഷം നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് വിന്‍ഡീസിനെ നല്ലൊരു സ്‌കോറിലെത്തിച്ചു.

വെറും 15 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ സ്‌മിത്താണ് കൂടുതല്‍ തിളങ്ങിയത്. അവസാന പന്തില്‍ സിക്‍സറടിച്ച വാലറ്റക്കാരന്‍ കൊറി കൊളിമോര്‍ വിന്‍ഡീസ് സ്‌കോര്‍ 241ല്‍ എത്തിച്ചു. പാകിസ്ഥാന് വേണ്ടി റാവു ഇഫ്‌തീക്കര്‍ 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ഇന്‍സിയുടെ കണക്കുകൂട്ടലുകളുടെ പിശക് മൂലമാകാം, നന്നായി പന്തെറിഞ്ഞ ഉമര്‍ ഗുല്ലിന് 9 ഓവര്‍ മാത്രമേ എറിയാന്‍ കഴിഞ്ഞുള്ളു.

242 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന് വേണ്ടി ഓപ്പണര്‍ ഇമ്രാന്‍ നസീര്‍ ആദ്യ ഓവറില്‍ തന്നെ സിക്‍സര്‍ അടിച്ചു തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കീപ്പര്‍ രാംദിന് ക്യാച്ച് നല്‍കിയത് വിന്‍ഡീസിന് തിരിച്ചുവരവിന് അവസരമൊരുക്കി. യൂനിസ് ഖാന്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി നേടിയെങ്കിലും അധികം ആയുസുണ്ടായില്ല. വെറും ഒമ്പത് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. സ്‌കോര്‍ 4 ഓവറില്‍ 17/2. പതിനൊന്നാം ഓവറില്‍ ഓപ്പണര്‍ മുഹമ്മദ് ഹഫീസിനേയും പാകിസ്ഥാന് നഷ്‌ടമായി, 39/3.

തകര്‍ച്ച മുന്നില്‍ കണ്ട ഇന്‍സമാമും മുഹമ്മദ് യൂസഫും ശ്രദ്ധയോടെ ബാറ്റ് വീശി വിക്കറ്റ് വീഴ്‌ച്ച ഒഴിവാക്കിയെങ്കിലും നല്ല ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞ വിന്‍ഡീസ് ബോളര്‍മാര്‍ ഓരോ റണ്ണിനും അവരെ കഷ്‌ടപ്പെടുത്തി. 72 പന്തില്‍ നിന്നും വെറും ഒരു 4 മാത്രം അടിച്ച് 37 റണ്‍സ് നേടിയ യൂസഫിന്റെ ഇന്നിങ്ങ്സ് നോക്കിയാല്‍ മതിയാവും വിന്‍ഡീസ് ബോളര്‍മാരുടെ അച്ചടക്കം മനസിലാവാന്‍. ഇരുപത്തി ഒമ്പതാം ഓവറില്‍ യൂസഫിനേയും മുപ്പത്തിമൂന്നാം ഓവറില്‍ ഇന്‍സമാമിനേയും തൊട്ടടുത്ത പന്തില്‍ കമ്രാന്‍ അക്‍മലിനേയും നഷ്‌ടപ്പെടുമ്പോള്‍ പാകിസ്ഥാന്‍ വെറും 116 റണ്‍സേ നേടിയിട്ടുണ്ടായിരുന്നുള്ളു.

എന്നാല്‍ വാലറ്റക്കാരോടൊത്ത് ഒരു കൈ നോക്കാനുള്ള ഷൊയെബ് മാലിക്കിന്റെ തീരുമാനം മത്സരത്തിന് ആവേശം പകര്‍ന്നു. 54 പന്തില്‍ നിന്നും 62 റണ്‍സ് നേടിയ മാലിക്കിന് കൂട്ടുകാരുടെ സഹായം വേണ്ടത് പോലെ കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ കളിയുടെ ഗതി തന്നെ മാറിയേനെ. എന്നാല്‍ മത്സരം തീരാന്‍ 16 പന്തുകള്‍ ബാക്കി നില്‍ക്കേ മാലിക്ക് വീണതോടെ വിന്‍ഡീസ് വിജയത്തിലെത്തുകയായിരുന്നു.

ഈ വിജയത്തോടെ തങ്ങളെ തള്ളികളയാന്‍ വരട്ടെ എന്ന സന്ദേശമാണ് ലാറയും കൂട്ടരും നല്‍കുന്നത്. ഇന്ത്യയോടേറ്റ പരാജയത്തിന് കേട്ട വിമര്‍ശനങ്ങള്‍ക്ക് മികവുറ്റ കളിയിലൂടെ വിന്‍ഡീസ് മറുപടി നല്‍കിയിരിക്കുന്നു..

മാന്‍ ഓഫ് ദി മാച്ച് : ഡ്വെയ്ന്‍ സ്‌മിത്ത്. ( 15 പന്തില്‍ 32 റണ്‍സ്, 36 റണ്‍സിന് 3 വിക്കറ്റ് )

ഇന്നത്തെ മത്സരം

ഓസ്‌ട്രേലിയ V/s സ്കോട്ട്‌ലന്റ്

കെനിയ V/s കാനഡ

9 comments:

Balu said...

കായിക സംബന്ധമായ കാര്യങ്ങള്‍ക്കുള്ള ബ്ലോഗുകള്‍ എണ്ണത്തില്‍ കുറവായ ബൂലോഗത്തിലേയ്‌ക്ക് ക്രിക്കറ്റ് വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള “സ്‌റ്റമ്പ്ഡ്” ഇവിടെ ആരംഭിക്കുന്നു..

ലോകകപ്പ് തുടങ്ങിയ ഈ അവസരം തന്നെയാണ് ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങാന്‍ പറ്റിയ സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു..

വെസ്റ്റ് ഇന്‍ഡീസും പാകിസ്ഥാനും തമ്മില്‍ നടന്ന ആദ്യ മത്സരത്തിന്റെ റിപ്പോര്‍ട്ടോടെ ഞാന്‍ തുടങ്ങട്ടെ..

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..

സ്‌നേഹപൂര്‍വ്വം,
ബാലു.

AJEESH K P said...

ബാലൂസേ,
എന്തായാലും കളികാണലൊന്നും നടക്കില്ല.. നീയിവിടെ തകര്‍ക്ക് വായിക്കാന്‍ ഞങ്ങളുണ്ടാകും..

വിപിന്‍ said...

ബാലൂ...എന്തു നോക്കാന്‍ മോനേ ദിനേശാ. നീ തകര്‍ക്ക്. നിന്റെ ബ്ലോഗ് ധോനിയുടെ സിക്സര്‍ ‍പോലെ വാനിലേക്കുയരട്ടെ എന്നാശംസിക്കുന്നു.

K.V Manikantan said...

ബാ‍ലൂ,
എല്ലാ കളികള്‍ക്കും ഇതുപൊലെ അവലോകനം എഴുതുവാന്‍ അപേക്ഷ!
കമന്റുകളുടെ എണ്ണം നോക്കരുത്. വായിക്കാന്‍ ധാരാളമളുകളുണ്ട്.

-സങ്കുചിതന്‍

സ്മിത said...

ബാലൂസേ.. വായിക്കാന്‍ ഞാനും ഉണ്ടാകും...

ആദ്യ മത്സരത്തെപ്പറ്റിയുള്ള വിവരണം വായിച്ചു കഴിഞ്ഞപ്പോള്‍ പ്രസക്ത ഭാഗങ്ങള്‍ നേരിട്ട് കണ്ടതുപോലെ തോന്നി...

Dandy said...

ബാലുവേ,ബ്ലോഗ് കൊള്ളാം. മന്ദിരാ ബേഡിയേക്കാലും പ്രസിദ്ധമാകട്ടെ ഈ ബ്ലോഗ് എന്ന് ആശംസിക്കുന്നു

ഡാന്റിസ്

Anonymous said...

ബാലു നിന്റെ ബ്ലോഗ് ദ്രാവിഡിന്റെ ഇന്നിങ്സ് പോലെ നീണ്ട് നില്‍ക്കട്ടെ

ഷിജോ ജേക്കബ് said...

ബാലൂസേ കൊള്ളാം നല്ല വിവരണം..
കമന്റുകള്‍ കുറവാണെങ്കിലും വായനക്കാര്‍ കുറവൊന്നും ആയിരിക്കില്ല കേട്ടൊ :)
എത്ര പേര്‍ വായിക്കുന്നു എന്നറിയാന്‍ ഹിറ്റ് കൌണ്ടര്‍ ഇട്ടുനോക്കിക്കേ...
അതുകൊണ്ട് എല്ല്ലാ കളികളേക്കുറിച്ചും എഴുതണം....

വിപിന്‍‌ദാസ് said...

Baalus,
Thanks for your commentry, ente Keyman work cheyunnilla, enthu patiyo entho ? athanu manglishil thanne aavam enu vechath..
Enthaayalum kali onum ivide irunu kanan pattilla, Live telecast kodukkunna channeline patti ividuthukar kettu koodiyilla.. apo kaliye patti ingine oru blog, kollam, nallathu thanne....
Thanks and Regards
Vipindas