സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

കെനിയ V/s കാനഡ

വലിയ ടീമുകളുടെ മത്സരങ്ങള്‍ പോലെ തന്നെ രസകരവും ആവേശകരവുമായിരിക്കും ചെറിയ ടീമുകളുടെ മത്സരവും. ടെസ്‌റ്റ് പദവി ലഭിക്കാത്ത രാജ്യങ്ങളായ കെനിയയും കാനഡയും തമ്മിലുള്ള മത്സരവും വിഭിന്നമായില്ല. കഴിഞ്ഞ ലോകകപ്പിലെ അട്ടിമറി വീരന്മാരായ കെനിയയ്‌ക്ക് കാനഡ കാര്യമായ പരീക്ഷണം ഉയര്‍ത്തിയില്ല. ഏഴ് വിക്കറ്റ് ജയവുമായി കെനിയ തങ്ങളുടെ നാലാം ലോകകപ്പിന് തുടക്കമിട്ടു.

സ്‌കോര്‍

കാനഡ 50 ഓവറില്‍ 199.

കെനിയ 43.2 ഓവറില്‍ 203/3.

ഓള്‍ റൌണ്ട് പ്രകടനവുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച സ്റ്റീവ് ടിക്കോളൊ കാനഡയ്‌ക്കെതിരായ മത്സരം കെനിയയ്‌ക്ക് എളുപ്പമാക്കി. സ്‌പിന്നര്‍മാരുടെ മികച്ച ബോളിങ്ങിന്റെ ബലത്തില്‍ കാനഡയെ 199ല്‍ ഒതുക്കാന്‍ കെനിയയ്‌ക്ക് സാധിച്ചു. ടിക്കോളൊ 2 വിക്കറ്റ് നേടി. കാനഡയ്‌ക്ക് വേണ്ടി ഓപ്പണര്‍ ജെഫ് ബെന്നെറ്റ് 50 പന്തില്‍ നിന്നും 41 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി. അവസാന പന്തില്‍ സ്‌കോര്‍ 200 ആക്കാന്‍ വേണ്ടി ഹെന്‍‌റി ഓസിന്റെ ഓടിയെങ്കിലും കൂട്ടുകാരന്‍ ധനിറാമിന് തീരെ താത്പര്യമില്ലായിരുന്നതിനാല്‍ റണ്ണൌട്ട് ആകേണ്ടി വന്നതടക്കം രസകരമായ മൂന്നു റണ്ണൌട്ടുകള്‍ കാനഡ ഇന്നിങ്ങ്സില്‍ ഉണ്ടായി. ധനിറാം 35 പന്തില്‍ 34 റണ്‍സ് നേടിയതാണ് കാനഡയുടെ സ്‌കോര്‍ ഇവിടം വരെയെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയയ്‌ക്ക് വേണ്ടി ഓപ്പണര്‍ മൌറിസ് ഔമ 89 പന്തില്‍ നിന്നും 58 റണ്‍സും ടിക്കോളൊ 77 പന്തില്‍ നിന്നും 72 റണ്‍സും നേടി. അവസാനം വരെ ബാറ്റ് ചെയ്‌ത ടിക്കോളൊയ്‌ക്ക് 53 പന്തില്‍ 35 റണ്‍സെടുത്ത തന്മെയ് മിശ്ര നല്ല പിന്തുണ നല്‍കി. 40 പന്തുകള്‍ ശേഷിക്കെ കെനിയ വിജയത്തിലെത്തി.

ഇംഗ്ലണ്ടും ന്യൂസിലാന്റുമടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും അടുത്ത റൌണ്ടിലെത്താന്‍ കെനിയയ്‌ക്ക് അട്ടിമറികള്‍ നടത്തേണ്ടി വരും, അതിനവര്‍ക്കുള്ള കഴിവ് കഴിഞ്ഞ ലോകകപ്പില്‍ കണ്ടു കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു ഗ്രൂപ്പാണ് കെനിയയുടേത്..

ഓസ്‌ട്രേലിയ V/s സ്‌കോട്ട്‌ലന്റ്

നിലവിലുള്ള ചാമ്പ്യന്മാരായ ഓസീസിന് ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു സ്‌കോട്ട്‌ലന്റുമായുള്ള മത്സരം. 203 റണ്‍സിന്റെ വന്‍ വിജയവുമായി ചാമ്പ്യന്മാരും പടയോട്ടം ആരംഭിച്ചു.

സ്‌കോര്‍

ഓസ്‌ട്രേലിയ 50 ഓവറില്‍ 334/6.

സ്‌കോട്ട്‌ലന്റ് 40.1 ഓവറില്‍ 131/9.

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് നിര്‍ത്തിയിടത്ത് നിന്നും തുടങ്ങിയ ഓസീസ് ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങ് ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി ബാറ്റിങ്ങ് നിരയ്‌ക്ക് നേതൃത്വം നല്‍കി. മൂടികെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ സ്‌കോട്ട്‌ലന്റ് ക്യാപ്‌റ്റ്ന്‍ ക്രെയ്‌ഗ് റൈറ്റ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത തീരുമാനത്തെ താങ്ങാന്‍ ബോളര്‍മാര്‍ക്ക് കഴിയാതെ പോയതാണ് സ്‌കോട്ട്‌ലന്റിന്റെ പരാജയത്തിന് വഴിവെച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുതുമുഖങ്ങളായ സ്‌കോട്ട്‌ലന്റിന് ഓസീസിനെ പോലെയുള്ള വലിയ ടീമിനോട് ചെയ്യാവുന്നതിന്റെ പരമാവധി അവര്‍ ചെയ്തു എന്ന് പറയണം. അതുകൊണ്ടാണല്ലൊ വിക്കറ്റ് നേടാനായില്ലെങ്കിലും ഗില്‍ക്രിസ്റ്റ് - ഹെയ്‌ഡന്‍ കൂട്ടുകെട്ടിന്റെ ആക്രമണത്തെ ഒരു പരിധി വരെ തടയാന്‍ അവര്‍ക്കായത്.

55 പന്തില്‍ നിന്നും 46 റണ്‍സുമായി ഗില്‍ക്രിസ്‌റ്റ് ആണ് ആദ്യം പുറത്തായ ഓസീസ് ബാറ്റ്‌സ്‌മാന്‍. തന്റെ സ്ഥിരം ശൈലിയില്‍ നിന്നും അല്‍‌പം വ്യതസ്‌തമായിരുന്നു “ഗില്ലി”യുടെ ബാറ്റിങ്ങ്. പതിനേഴാം ഓവറിലായിരുന്നു ആ വിക്കറ്റ്, സ്‌കോര്‍ 91. പകരം പോണ്ടിങ്ങ് എത്തിയതോടെ റണ്ണൊഴുക്ക് കൂടി. ലോകകപ്പില്‍ 1000 റണ്‍സ് തികയ്‌ക്കാന്‍ വെറും 2 റണ്‍സ് കൂടി മതിയാരുന്ന പോണ്ടിങ്ങ് മനോഹരമായ ഒരു ബൌണ്ടറിയിലൂടെയാണ് തന്റെ ഇന്നിങ്ങ്‌സ് തുടങ്ങിയത്. 73 പന്തില്‍ 60 റണ്‍സെടുത്ത ഹെയ്‌ഡന്‍ തന്റെ ക്യാപ്‌റ്റന് മികച്ച പിന്തുണ നല്‍കി. ഇരുപത്തിയേഴാം ഓവറില്‍ ഹെയ്‌ഡനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ മജീദ് ഹഖ് മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി, 139/2.

പിന്നീടെത്തിയ മൈക്കിള്‍ ക്ലാര്‍ക്കുമായി ചേര്‍ന്ന് പോണ്ടിങ്ങ് അടിച്ചു തകര്‍ത്തു. മികച്ച ഫുട് വര്‍ക്കും ടൈമിങ്ങും കാത്തു സൂക്ഷിച്ച പോണ്ടിങ്ങ് സ്‌കോട്ടിഷ് ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 20 പന്തില്‍ 15 റണ്‍സെടുത്ത ക്ലാര്‍ക്കും 28 പന്തില്‍ 29 റണ്‍സെടുത്ത ബ്രാഡ് ഹോഡ്‌ജും പോണ്ടിങ്ങിന് നല്ല പിന്തുണ നല്‍കി. നാല്‍‌പത്തി രണ്ടാം ഓവറില്‍ മഴയെത്തിയത് കളി അല്‍‌പനേരം തടസ്സപ്പെടുത്തി.

നാല്‌പത്തിയാറാം ഓവറില്‍ 93 പന്തില്‍ 113 റണ്‍സുമായി പോണ്ടിങ്ങ് മടങ്ങുമ്പോള്‍ ഓസീസ് 274 റണ്‍സിലെത്തിയിരുന്നു. ഓസീസിന്റെ ഏകദിന ടീമില്‍ വൈകിയാണെങ്കിലും സ്ഥാനം ഉറപ്പിച്ച മൈക്ക് ഹസ്സി 6 പന്തില്‍ നിന്നും 4 റണ്‍സ് നേടി പുറത്തായി. അവസാനനിമിഷം ഷെയിന്‍ വാട്സനും ബ്രാഡ് ഹോഗും ചേര്‍ന്ന് 22 പന്തില്‍ 58 റണ്‍സ് അടിച്ചുകൂട്ടിയതോടെ ഓസീസ് 50 ഓവറില്‍ 334/6 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്റിന് മഗ്രാത്ത് - ഷോണ്‍ ടെയ്‌റ്റ് കൂട്ടുകെട്ടിന്റെ “കൃത്യത - വേഗം“ ആക്രമണരീതിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നാല്‍‌പത്തിയൊന്നാം ഓവറിന്റെ ആദ്യ പന്തില്‍ 131 റണ്‍സിന് സ്‌കോട്ടിഷ് റണ്‍ചെയ്‌സ് അവസാനിച്ചു. 76 പന്തില്‍ 51 റണ്‍സെടുത്ത കൊളിന്‍ സ്‌മിത്ത് സ്‌കോട്ടിഷ് നിരയില്‍ തിളങ്ങി. മറ്റു ബാറ്റ്‌സ്‌മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. അവസാന ലോകകപ്പ് കളിക്കുന്ന ഗ്ലെന്‍ മഗ്രാത്ത് 14 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി ഓസീസ് നിരയില്‍ മുന്നിട്ടു നിന്നു. സ്‌കോട്ടിഷ് ബോളര്‍ ജോണ്‍ ബ്ലെയ്‌ന്‍ പരിക്കിനെ തുടര്‍ന്ന് ബാറ്റ് ചെയ്‌തില്ല.

മികച്ച പിച്ചും ചെറിയ ബൌണ്ടറിയും ഉള്ള ഗ്രൌണ്ടില്‍ ഓസീസ് നിരയ്‌ക്ക് ചടങ്ങുതീര്‍ക്കല്‍ മാത്രമായിരുന്നു മത്സരം. ഗ്രൂപ്പിലെ ശക്‍തരായ ദക്ഷിണ ആഫ്രിക്കയോടുള്ള മത്സരശേഷമേ ഓസീസിന്റെ ശരിയായ ശക്തി മനസിലാക്കാന്‍ സാധിക്കുകയുള്ളു. ഈ ലോകകപ്പ് നേടാന്‍ സാധ്യത കല്‍‌പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഓസീസിന്റെ ദ. ആഫ്രിക്കയോടുള്ള മത്സരം ഉറ്റുനോക്കുകയാണ് ആരാധകര്‍, കൂടെ വിമര്‍ശകരും...

ഇന്നത്തെ മത്സരങ്ങള്‍

ശ്രീലങ്ക V/s ബെര്‍മുഡ

സിംബാബ്‌വേ V/s അയര്‍ലണ്ട്

4 comments:

Balu said...

എല്ലാവരുടേയും പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

ലോകകപ്പിന്റെ രണ്ടാം ദിവസം കാനഡയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി കെനിയയും സ്‌കോട്ട്‌ലന്റിനെ 203 റണ്‍സിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയയും തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിട്ടു..

ഈ രണ്ട് കളികളുടെ വിശേഷങ്ങളുമായി സ്റ്റമ്പ്‌ഡ്..

പതാലി said...

എന്തിര് ബാല്വേ...
ഇവിടെ ക്രിക്കറ്റ് പ്രേമികള്‍ ആരുമില്ലേ?. പുതീയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും. നേരുന്നു. എന്നും അപ്ഡേറ്റ് ചെയ്യുക. അല്‍പ്പംകൂടി ആറ്റിക്കുറുക്കിയാല്‍ നന്ന്.
നമുക്ക് ഒരു ക്രിക്കറ്റ് കൂട്ടായ്മ ഉണ്ടാക്കേണ്ടിവരും.

കരീം മാഷ്‌ said...

ക്രിക്കറ്റിനായി പറയാന്‍ ആരുമില്ലന്നോ?
ആരവിടെ
ആ പറഞ്ഞവന്റെ തലയെടുത്തു വെള്ളിത്തളികയില്‍ കൊണ്ടു വരൂ (തമാശ)

ഉണ്ടിഷ്ടാ! വായിക്കുന്നുട്.
ഇടക്ക്കു നെറ്റില്‍ ക്രിക്കറ്റു ങ്ക്കുന്നതു കൊണ്ടു ബ്ലോഗില്‍ കണ്ണെത്തുന്നില്ല.
എന്നാലും ഇവിടെ വായിക്കുന്നുണ്ട്. ഇനി പ്രോത്സാഹനമില്ലാഞ്ഞിട്ടു നിര്‍ത്തണ്ടാ എന്നു കരുതി
“ കമോണ്‍ ഇന്തിയാ ദിക്കാദോ!,
ദുനിയാകോ ഹിലാദോ!
തോഡാസാ വില്‍,
തോഡാസാ ദില്‍
ഇതൊന്നു വായിച്ചു നോക്കിഷ്ടാ! \
തുഷാരത്തുള്ളികള്‍: ഹൗവിസ്‌ ദാറ്റ്‌ How is that? (ചെറുകഥ)

മൂര്‍ത്തി said...

എല്ലാവിധ ആശംസകളും നേരുന്നു...

മഴ മൂലമോ മറ്റുകാരണങ്ങളാലോ തടസ്സപ്പെടുന്ന മത്സരങ്ങളിലെ ടാര്‍ജെറ്റ് സ്കോറും വിജയിയെയും നിര്‍ണ്ണയിക്കുന്നതിന് ഉപയോഗിക്കുന്ന ഡക്ക് വര്‍ത്ത് ലൂയിസ് രീതിയെക്കുറിച്ചറിയുവാനുള്ള ഒരു ലിങ്ക് ഇവിടെ.

ഡക്ക് വര്‍ത്ത് ലൂയിസ് രീതി